'പി.സിയാര് ദളപതി'; വിജയ്‌യുടെ മാസ്റ്ററിലെ വാത്തി റെയ്ഡ് ഈണത്തില്‍ പി.സി ജോര്‍ജിന്റെ പ്രചരണ ഗാനം; വീഡിയോ
Kerala Election 2021
'പി.സിയാര് ദളപതി'; വിജയ്‌യുടെ മാസ്റ്ററിലെ വാത്തി റെയ്ഡ് ഈണത്തില്‍ പി.സി ജോര്‍ജിന്റെ പ്രചരണ ഗാനം; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th March 2021, 11:40 pm

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വിവിധ പ്രചരണ ഗാനങ്ങള്‍ അണികള്‍ ഒരുക്കാറുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തത കൊണ്ടുവരാന്‍ പലരും ശ്രമിക്കാറുണ്ട്.

പലപ്പോഴും അതാത് കാലത്തെ ഹിറ്റ് സിനിമാ ഗാനങ്ങളുടെ ഈണത്തിലാണ് പ്രചരണ ഗാനങ്ങള്‍ ഒരുക്കാറുള്ളത്. അത്തരത്തില്‍ ഏറെ ഹിറ്റായ ഒരു ഗാനത്തിന്റെ ഈണത്തില്‍ പ്രചരണ ഗാനവുമായി എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എം.എല്‍.എയായ പി.സി ജോര്‍ജ്.

വിജയ് നായകനായി എത്തിയ മാസ്റ്ററിലെ വാത്തി റെയ്ഡ് ഗാനത്തിന്റെ ഈണത്തിലാണ് പി.സി ജോര്‍ജിന്റെ പ്രചരണ ഗാനം ഒരുക്കിയിരിക്കുന്നത്.

സിനിമാ സംവിധായകനും അഭിനേതാവുമായ ഷജീര്‍ ഷായുടെ നേതൃത്വത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.

‘ നിലവില്‍ ഈ നാട്ടിലുള്ള നേതാവാര്, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ വരുന്നൊരു നേതാവാര്’ പി.സിയാര് ദളപതി എന്നൊക്കെയാണ് ഗാനത്തിന്റെ വരികള്‍. വിഷ്ണു വര്‍ധന്‍, സന്തോഷ് എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.

ഗാനം പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എന്റെ കൊച്ച് കൂട്ടുകാരുടെ സഹായം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പി.സി ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്.

താന്‍ മനസ്സിലാക്കിയിടത്തോളം ഇതിന് നേതൃത്വം നല്‍കിയ ഷജീര്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ്. അങ്ങനെ ആയിട്ട് കൂടി തന്നോട് കാണിച്ച നല്ലമനസ്സിന് എന്നും കടപ്പെട്ടിരിക്കുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മാസ്റ്റര്‍ ജനുവരി 13നാണ് റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

അനിരുദ്ധാണ്  ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PC George’s campaign song to the tune of Vathi Raid on Vijay’s Master