യു.ഡി.എഫിലേക്ക് മടങ്ങാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ്
Kerala Politics
യു.ഡി.എഫിലേക്ക് മടങ്ങാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 1:38 pm

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എ. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.ഡി.ഫ് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

‘മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തും’, പി.സി പറഞ്ഞു.

ഇപ്പോള്‍ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നെന്നും യു.ഡി.എഫിലേക്ക് പോകുമെങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് പ്രവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എന്‍.ഡി.എയിലായിരുന്ന ജനപക്ഷം പിന്നീട് മുന്നണി വിട്ടിരുന്നു.

അതേസമയം പി.സിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ തടഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ച് പി.സി ജോര്‍ജ് മത്സരിച്ചത്. ഒരു മുന്നണിയിലും അംഗമാകാതെ പി.സി ജോര്‍ജ് വിജയിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Return UDF