ഞാന്‍ ഒരു ളോഹയിട്ട് വന്ന് വൈദികനാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ; സഭയില്‍ നിന്ന് പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകും; നിയസഭാ ശാസനയ്‌ക്കെതിരെ പി.സി ജോര്‍ജ്
Kerala
ഞാന്‍ ഒരു ളോഹയിട്ട് വന്ന് വൈദികനാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ; സഭയില്‍ നിന്ന് പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകും; നിയസഭാ ശാസനയ്‌ക്കെതിരെ പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 11:47 am

തിരുവനന്തപുരം: ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ചതിന്റെ പേരില്‍ നിയമസഭയുടെ ശാസന ലഭിച്ചതിന് പിന്നാലെ തന്റെ ഭാഗം ന്യായീകരിച്ച് പി.സി ജോര്‍ജ് എം.എല്‍.എയെ.

എത്തിക്‌സ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സ്പീക്കര്‍ നല്‍കിയ ശാസന വളരെ ആദരവോടെ സ്വീകരിക്കുന്നെന്നും എന്നാല്‍ താന്‍ ഒരിക്കലും ഒരു കന്യാസ്ത്രീയെ അല്ല അപമാനിച്ചതെന്നും സഭയില്‍ നിന്ന് പുറത്താക്കിയ ഒരു സ്ത്രീയ്‌ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നുമായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

‘ഞാന്‍ ഒരു ക്രൈസ്തവനാണ്. ക്രൈസ്തവനെന്ന നിലയില്‍ ഞങ്ങളുടെ ഒരു പിതാവിനെതിരെ ചില സ്ത്രീകള്‍ പരാമര്‍ശം നടത്തിയപ്പോള്‍ അതിനെതിരെ ഞാന്‍ പരാമര്‍ശം നടത്തി. അതിന്റെ പേരിലാണ് ഈ ശാസന. അത് ഞാന്‍ സ്വീകരിക്കുന്നു. പക്ഷേ എനിക്ക് പറയാനുള്ള ഒരു കാര്യം, ഞാന്‍ ഒരു ളോഹയിട്ട് ഇവിടെ വന്ന് നിന്ന് ഞാന്‍ ഒരു വൈദികനാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ? അത് സാധ്യമല്ല.

അതുപോലെ എത്തിക്‌സ് കമ്മിറ്റി പറഞ്ഞിരിക്കുന്നത് ഞാന്‍ കന്യാസ്ത്രീയെ അപമാനിച്ചു എന്നാണ്. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകും. കന്യാസ്ത്രീ എന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല. അതുകൊണ്ട് തന്നെ ആ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കംചെയ്യണം’, എന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് സഭാ സമിതിയുടെ നിര്‍ദേശമെന്നും അത് അംഗീകരിക്കുകയാണ് വേണ്ടത് എന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി.

പി.സി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയായിരുന്നു വ്യക്തമാക്കിയത്.

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി ജോര്‍ജിനെ ശാസിക്കാന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കുകയുമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ഫെമിനിസ്റ്റ് ലോയേഴ്സ് നെറ്റ്‌വര്‍ക്ക് ഓഫ് കേരള എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശാസന.

പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പി.സി ജോര്‍ജ് ശ്രമിച്ചതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ നല്‍കിയ തെളിവുകള്‍ പി.സി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്.

മുന്‍ പ്രസ്താവനകളില്‍ പി.സി ജോര്‍ജ് ഉറച്ചു നില്‍ക്കുന്നതായി തെളിവെടുപ്പ് വേളയില്‍ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത് നിയമസഭാ സാമാജികനു ചേര്‍ന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Against Nun In Bishop Franco Case