തിരുവനന്തപുരം: മരവിപ്പിക്കാതെ മുറിവില്‍ മരുന്നൊഴിച്ചതിന് ഡോക്ടറോട് തട്ടിക്കയറിയ യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഡോക്ടറോട് തട്ടിക്കയറിയ പൂജപ്പുര ചിത്രാനഗര്‍ സ്വദേശി പ്രശാന്ത് ഭവനില്‍ ശബരി (20) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി അപകടത്തില്‍ കൈക്ക് പരിക്കേറ്റ് ചികിത്സയ്ക്ക് ചെന്നതായിരുന്നു യുവാവ്.
ആശുപ്രതി സംരക്ഷണ ഓര്‍ഡിനന്‍സ് ഇന്നലെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. രോഗി ഡോക്ടറോട് ക്ഷുഭിതനായി എന്ന ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മരവിപ്പിക്കാതെ തന്നെ മുറിവില്‍ മരുന്നൊഴിച്ചപ്പോള്‍ നീറ്റല്‍ ഉണ്ടായതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് തന്നെ മരവിപ്പിച്ചതിന് ശേഷം മാത്രം ഡ്രസ് ചെയ്താല്‍ മതിയെന്ന് ശബരി ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു.
ഡോക്ടര്‍ മിണ്ടാതെ കിടക്കാന്‍ ആവശ്യപ്പെട്ടതോടെ യുവാവ് ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി അവതരിപ്പിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ പിഴയും തടവുശിക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ കോടതികള്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.
ഐ.പി.സി 320ാം വകുപ്പ് പ്രകാരം കഠിനമായ ദേഹോപദ്രവം ഉണ്ടായാല്‍ ഒരു വര്‍ഷം വരെയാണ് കുറഞ്ഞ ശിക്ഷ. പരമാവധി ഏഴ് വര്‍ഷം വരെയാകാവുന്ന തടവുശിക്ഷയും ലഭിക്കും. അതുപോലെ ഒരു ലക്ഷം രൂപയില്‍ കുറയാത്ത, പരമാവധി അഞ്ച് ലക്ഷം രൂപ വരെയാകാവുന്ന പിഴ ശിക്ഷയും ഉണ്ടായിരിക്കും.