കൊൽക്കത്തയെയും ഓസീസ് ഇതിഹാസത്തെയും ഒരുമിച്ച് വീഴ്ത്താനൊരുങ്ങി കമ്മിൻസ്; 16 വർഷത്തെ ഐ.പി.എൽ ചരിത്രം തിരുത്തിയെഴുതാൻ അവനെത്തുന്നു
Cricket
കൊൽക്കത്തയെയും ഓസീസ് ഇതിഹാസത്തെയും ഒരുമിച്ച് വീഴ്ത്താനൊരുങ്ങി കമ്മിൻസ്; 16 വർഷത്തെ ഐ.പി.എൽ ചരിത്രം തിരുത്തിയെഴുതാൻ അവനെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th May 2024, 1:09 pm

2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ പതിനേഴാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഐ.പി.എല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും കൊല്‍ക്കത്ത ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 2016ന് ശേഷം വീണ്ടും ഐ.പി.എല്ലിന്റെ കിരീടം ചൂടാന്‍ ആയിരിക്കും ഓറഞ്ച് ആര്‍മി ലക്ഷ്യമിടുക.

ഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. കൊൽക്കത്തക്കെതിരെ മൂന്നു വിക്കറ്റുകള്‍ കൂടി നേടാന്‍ കമ്മിന്‍സിന് സാധിച്ചാല്‍ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടം സ്വന്തം പേരിലാക്കി മാറ്റാന്‍ കമ്മിന്‍സിന് സാധിക്കും.

2008 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തുനിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ ആണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ഈ സീസണില്‍ ഇതിനോടകം തന്നെ 17 വിക്കറ്റുകളാണ് ഹൈദരാബാദ് നായകന്‍ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 20 വിക്കറ്റുകളോടെ ഈ നേട്ടം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയന്‍ നായകന് സാധിക്കും.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍, വിക്കറ്റുകളുടെ എണ്ണം, ടീം, വര്‍ഷം എന്നീ ക്രമത്തില്‍

ഷെയ്ന്‍ വോണ്‍-19- രാജസ്ഥാന്‍ റോയല്‍സ് -2008

പാറ്റ് കമ്മിന്‍സ്-17- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-2024

അനില്‍ കുബ്ലെ-17- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-2010

ആര്‍.അശ്വിന്‍-15-പഞ്ചാബ് കിങ്സ്-2019

ഷെയ്ന്‍ വോണ്‍-14- രാജസ്ഥാന്‍ റോയല്‍സ്-2009

 

Content Highlight: Pat Cummins waiting for a new record in IPL