ലാ ലിഗയില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടുന്ന വിദേശ താരമെന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോഡ് തകരുന്നു. ഇന്ന് നടക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് – എസ്പാന്യോള്‍ മത്സരത്തിലാണ് മെസിയുടെ റെക്കോഡ് പഴങ്കഥയാകുന്നത്.
ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കായി 520 മത്സരങ്ങളിലാണ് മെസി കളത്തിലിറങ്ങിയത്. നിലവില്‍ ഈ റെക്കോഡില്‍ ഒപ്പമെത്തി നില്‍ക്കുന്ന മുന്‍ ബാഴ്‌സലോണ താരം കൂടിയായ അന്റോയിന്‍ ഗ്രീസ്മാനാണ് പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്നത്.
എസ്പാന്യോളിന്റെ തട്ടകമായ ആര്‍.സി.ഡി എസ്പാന്യോള്‍ ഡി ബാഴ്‌സലോണയില്‍ നടക്കുന്ന മത്സരത്തില്‍ തന്റെ കരിയറിലെ 521ാം മാച്ചിനായാണ് ഗ്രീസ്മാന്‍ കളത്തിലിറങ്ങുന്നത്.
മഹോജ്വലമാണ് ഗ്രീസ്മാന്റെ ലാ ലിഗ കരിയര്‍. റയല്‍ സോസിഡാഡിനൊപ്പം നാല് സീസണുകളില്‍ പന്തുതട്ടിയ താരം അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒമ്പത് സീസണുകളിലും കറ്റാലന്‍മാര്‍ക്കൊപ്പം രണ്ട് സീസണുകളിലും കളത്തിലിറങ്ങി.
അത്‌ലറ്റിക്കോയില്‍ താരത്തിന് 2026 വരെ കരാറുള്ളതിനാല്‍ ഏറ്റവുധികം ലാ ലിഗ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരമെന്ന റെക്കോഡില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കാതങ്ങള്‍ മുന്നേറുമെന്നുറപ്പാണ്.
എന്നാല്‍ ഗ്രീസ്മാന്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചാല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍.എസ് ക്ലബ്ബുകള്‍ ഗ്രീസ്മാനെ നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലാ ലിഗ ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ 11ാമനും ആക്ടീവ് പ്ലെയേഴ്‌സില്‍ ഒന്നാമനുമാണ് ഗ്രീസ്മാന്‍. 520 മത്സരങ്ങളില്‍ നിന്നും 198 ഗോളുകളാണ് താരം നേടിയത്.
കരിയറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം ഏറ്റവുമധികം മത്സരങ്ങളില്‍ കളത്തിലിറങ്ങിയതും ഗോളുകള്‍ നേടിയതും. 305 മത്സരത്തില്‍ നിന്നും 136 തവണയാണ് റെഡ് ആന്‍ഡ് വൈറ്റ്‌സിനായി ഗ്രീസ്മാന്‍ പന്ത് വലയിലെത്തിച്ചത്.
സോസിഡാഡിനായി ബൂട്ടുകെട്ടിയ 141 മത്സരത്തില്‍ നിന്നും 40 ഗോളും ബാഴ്‌സയ്ക്കായി കളത്തിലിറങ്ങിയ 74 മത്സരത്തില്‍ നിന്നും 22 ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.
സീസണില്‍ മികച്ച പ്രകടനമാണ് ഗ്രീസ്മാനും അത്‌ലറ്റിക്കോ മാഡ്രിഡും നടത്തുന്നത്. 28 മത്സരത്തില്‍ നിന്നും 16 ജയവും എട്ട് സമനിലയും നാല് തോല്‍വിയുമായി മൂന്നാമതാണ് അത്‌ലറ്റിക്കോ. 56 പോയിന്റാണ് നിലവില്‍ ടീമിനുള്ളത്.
Content Highlight: Antoine Griezmann to shatter Lionel Messi’s all time La Liga record