ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ആരാധകരൊന്നാകെ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കന്‍മാര്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിലെ രണ്ട് കരുത്തര്‍ ഏറ്റമുട്ടുമ്പോള്‍ ഫലം അപ്രവചനീയമാണ്.
സ്‌ക്വാഡ് ഡെപ്ത് തന്നെയാണ് ഇരുടീമിന്റെയും കരുത്ത്. കരുത്തരായ ബാറ്റര്‍മാരും അവരെ എറിഞ്ഞിടാന്‍ പോന്ന ബൗളര്‍മാരും എന്തിനും പോന്ന ഓള്‍ റൗണ്ടര്‍മാരുമാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും കരുത്ത്. വിക്കറ്റ് കീപ്പറുടെ കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ മുന്‍തൂക്കം ഓസീസിനാണ്.
ഇരുടീമിന്റെയും ക്യാപ്റ്റന്‍മാരും മോശക്കാരല്ല. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കങ്കാരുക്കളുടെ ബൗളിങ് യൂണിറ്റിനെ മുമ്പില്‍ നിന്നും നയിക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെ മുമ്പില്‍ നിന്നും നയിക്കുക ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.
ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നു എന്നതിലുപരി ഇരു ക്യാപ്റ്റന്‍മാരുടെ കരിയറിലെ തന്നെ സുപ്രധാന മത്സരമാണിത് എന്ന പ്രത്യേകതയും ഈ ഫൈനല്‍ മാച്ചിനുണ്ട്.
ഇതുവരെ ടീമിന് വേണ്ടി 49 മത്സരം വീതം കളിച്ച രോഹിത്തും കമ്മിന്‍സും തങ്ങളുടെ 50ാം ടെസ്റ്റിനായാണ് ഓവലിലേക്കിറങ്ങുന്നത്.
2013ലാണ് രോഹിത് ഇന്ത്യക്കായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013 നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വിന്‍ഡീസിനെതിരെയാണ് രോഹിത് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
രോഹിത്തിന് രണ്ട് വര്‍ഷം മുമ്പാണ് പാറ്റ് കമ്മിന്‍സ് ബാഗി ഗ്രീന്‍സിന്റെ ഭാഗമാകുന്നത്. 2011 നവംബര്‍ 17ന് സൗത്ത് ആഫ്രിക്കക്കെതിരെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് താരം റെഡ് ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ടോസ് നേടിയ രോഹിത് എതിരാളികളെ ബാറ്റിങ്ങിനയച്ചു. സൂപ്പര്‍ താരം ആര്‍. അശ്വിനെ പുറത്തിരുത്തിക്കൊണ്ടാണ് ഇന്ത്യ ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഫാസ്റ്റ് ബോള്‍ ട്രാക്കില്‍ ഷര്‍ദുല്‍ താക്കൂറാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായിരിക്കുന്നത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കിയാണ് ഖവാജ പുറത്തായത്. പത്ത് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയാണ് ഖവാജയുടെ മടക്കം.
നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ നാല് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 12 പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ഡേവിഡ് വാര്‍ണറും രണ്ട് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.
Content Highlight: Pat Cummins and Rohit Sharma to play 50th test match