പലതും പലരോടും ചോദിക്കാനുണ്ട്, എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല: പാര്‍വതി തിരുവോത്ത്
Movie Day
പലതും പലരോടും ചോദിക്കാനുണ്ട്, എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 4:37 pm

ജൂലൈ 30 ന് വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തെ നടുക്കിയ മഹാദുരന്തമായിരുന്നു. നാനൂറിലേറെ പേര്‍ മരിച്ച ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് ഇതുവരെയും കേരള ജനത കരകയറിയിട്ടില്ല. ദുരിതബാധിതരായ ജനങ്ങളെ പുനരധിവസിപ്പിക്കാനും മറ്റും സഹായം തേടിയും സഹായ ഹസ്തങ്ങളായും നിരവധി സുമനസുകളാണ് മുന്നോട്ടു വന്നിട്ടുള്ളത്.

ഉരുള്‍പൊട്ടലിന് ശേഷം, ഉരുള്‍ പൊട്ടാന്‍ എന്തായിരിക്കും കാരണം, ആരുടെ അനാസ്ഥയാണ്, ആരെല്ലാമാണ് തെറ്റുകാര്‍ തുടങ്ങിയ ചോദ്യങ്ങളുടെ പുറത്ത് മാധ്യമങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ പല രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കും വഴി വെക്കുന്നുണ്ട്.

ഇപ്പോള്‍ പരസ്പരം ചോദ്യം ചെയ്യേണ്ടതും കുറ്റപ്പെടുത്തേണ്ടതുമായ സമയമല്ലെന്നും വയനാട്ടിലെ ജനങ്ങളോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും പാര്‍വതി തിരുവോത്ത് പറയുന്നു. ചോദ്യം ചെയ്യേണ്ട സമയമാകുമ്പോള്‍ എല്ലാ അനാസ്ഥകളും കൃത്യമായിത്തന്നെ ചോദ്യം ചെയ്യണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘ഇന്‍ഫ്രാസ്ട്രക്ചറില്‍ വരേണ്ട കുറെ മാറ്റങ്ങളുണ്ട്. അതില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിച്ച്, അതെല്ലാം കൂടിക്കൂടിവന്നാണ് വന്‍ ദുരന്തങ്ങളായി മാറുന്നത്. ഇതിലൊക്കെ കുറെ ആളുകളോട് നമ്മള്‍ ചോദിക്കണ്ട ചോദ്യമുണ്ട്. എന്നാല്‍ അതിനുള്ള സമയമല്ല ഇപ്പോള്‍. ചോദിക്കണ്ട സമയം ആകുമ്പോള്‍ അതെല്ലാം നമുക്ക് ചോദിക്കാം. ഇപ്പോള്‍ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാണ് നമ്മള്‍ നില്‍ക്കേണ്ടത്.

പക്ഷെ ചോദ്യം ചോദിക്കുക എന്നത് മാനുഷികമായിട്ടുള്ള കാര്യമാണ്. എന്നാല്‍ ക്രിട്ടിസിസം ചെയ്യുമ്പോള്‍ എത്രത്തോളം പ്രാക്ടിക്കല്‍ ആയിട്ടുള്ള കാര്യമാണ് ചോദിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. എത്രമാത്രം ബോധവത്കരണം ഉണ്ടാക്കണം എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെയെല്ലാം നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്തെങ്കിലും ദുരന്തമോ മറ്റോ ഉണ്ടായാല്‍ മാത്രമാണ് നമ്മള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ്.

ഓരോ പൗരനും തോന്നേണ്ട ഒരു ഉത്തരവാദിത്തബോധം ഉണ്ട്. അത് ഉണ്ടാക്കി എടുക്കുക എന്നുള്ളതും പ്രധാനമാണ്. അല്ലെങ്കില്‍ തടയാന്‍ വേണ്ടിത്തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റേണ്ടി വരും. ഇപ്പോള്‍ ശ്രദ്ധവേണ്ടത് ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിലാണ്,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvothu Talks About  Wayanad Landslide