Entertainment
നമുക്ക് ആകെയൊരു നയന്‍താരയെ ഉള്ളു, അത് പോരാ, ഞങ്ങള്‍ക്ക് ആയിരക്കണക്കിന് നയന്‍താരമാരെ വേണം: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 02:46 pm
Thursday, 10th April 2025, 8:16 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയായിരുന്നു അവര്‍. പിന്നീട് കുറഞ്ഞ സമയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായികയായി മാറിയ നയന്‍സ് അധികം വൈകാതെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടവും സ്വന്തമാക്കിയിരുന്നു.

നയന്‍താരയുടെ സ്ഥാനത്ത് ഒരു നടി മാത്രമാണ് ഉള്ളതെന്ന് പാര്‍വതി തോരുവോത്ത് പറയുന്നു. നയന്‍താരയ്ക്ക് മാര്‍ക്കറ്റ് വാല്യൂ ഉണ്ടെന്നും എന്നാല്‍ ഇന്നത്തെ നയന്‍താരയാകാന്‍ അവര്‍ക്ക് ഒരുപാട് സമയം വേണ്ടിവന്നെന്നും പാര്‍വതി പറഞ്ഞു. ഒരു നയന്‍താരയില്‍ സംതൃപ്തരാകാനാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതിന് തങ്ങള്‍ക്ക് കഴിയില്ലെന്നും ആയിരക്കണക്കിന് നയന്‍താരമാരെ വേണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.

‘നമുക്ക് ആകെ ഒരു നയന്‍താര മാത്രമേ ഉള്ളു. അത് നമുക്ക് മതിയോ? അതുകൊണ്ട് നമ്മള്‍ സംതൃപ്തരാണോ? നയന്‍താരയ്ക്ക് ആ മാര്‍ക്കറ്റ് വാല്യൂ ഉണ്ട്. ഇന്നത്തെ നയന്‍താര ആകാന്‍ അവര്‍ക്ക് എത്ര സമയം വേണ്ടി വന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്? അവര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ വേറെ കണക്ഷനോ കാര്യങ്ങളോ ഒന്നും തന്നെയില്ലായിരുന്നു. എന്നിട്ടും അവര്‍ ഇന്നത്തെ സ്ഥാനത്തെത്തി. നമുക്ക് ആകെ ആ ഒരു വ്യക്തി മാത്രമാണുള്ളത്.

ഞങ്ങള്‍ക്ക് ആയിരക്കണക്കിന് നയന്‍താരമാരെ വേണം

ആ ഒരാളില്‍ സംതൃപ്തരാകാനാണോ നിങ്ങള്‍ ഞങ്ങളോട് പറയുന്നത്? അവര്‍ ഇപ്പോഴു ആ സ്ഥാനം നിലനിര്‍ത്തുവാന്‍ വേണ്ടി പോരാടുകയാണ്. ഒരു മെയില്‍ ആക്ടര്‍ ചെയ്യുന്നതിലും കൂടുതലാണ്. അത് ഒരിക്കലും ഒക്കെ അല്ല. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ഒക്കെ ആയിരിക്കാം. അതെങ്കിലും ഇല്ലേ, ഇതുകൊണ്ട് ഹാപ്പി ആയിക്കൂടെ എന്നായിരിക്കും ചോദിക്കുക. ഞങ്ങള്‍ക്ക് ആയിരക്കണക്കിന് നയന്‍താരമാരെ വേണം,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thiruvothu Talks About Nayanthara