ന്യൂദല്‍ഹി: മെയ് 28ന് നടക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, ആം ആദ്മി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ചേര്‍ന്ന് പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിക്കുകയും രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ബോധ്യപ്പെടുത്തിയെന്നും സോഴ്‌സിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
തൃണമൂലിന്റെ രാജ്യസഭാ നേതാവായ ഡെറിക് ഒബ്രയാനാണ് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം അറിയിച്ചത്.
‘പാര്‍ലമെന്റ് പുതിയ കെട്ടിടം മാത്രമല്ല. ഇത് പഴയ പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും മാതൃകകളുടെയും സ്ഥാപനമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥാപനമാണ് പാര്‍ലമെന്റ്. പ്രധാനമന്ത്രി മോദിക്ക് അത് മനസിലാകണമെന്നില്ല. ഞാന്‍, എനിക്ക്, എന്റെ എന്ന രീതിയിലാണ് അദ്ദേഹം ഞായറാഴ്ച നടക്കാന്‍ പോകുന്ന ഉദ്ഘാടനം കണക്കാക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം സി.പി.ഐ പാര്‍ട്ടി നോതാവ് ബിനോയ് വിശ്വവും പരിപാടി ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
‘വി.ഡി. സവര്‍ക്കറുടെ സ്മരണയുമായി പാര്‍ലമെന്റിനെ ഒരിക്കലും ബന്ധപ്പെടുത്താന്‍ സാധിക്കില്ല. അത് കൊണ്ട് ഞങ്ങള്‍ക്കൊരിക്കലും ഇതിന്റെ ഭാഗമാകാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയല്ല മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന കാര്യം നിരാശാജനകമാണെന്ന് ആം ആദ്മിയും അറിയിച്ചു.
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 79 അനുസരിച്ച് രാജ്യസഭയും ലോകസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്റെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തള്ളിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍. 1975ല്‍ ഇന്ദിരാഗാന്ധിയായിരുന്നു പാര്‍ലമെന്റിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതെന്ന് ഭവന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
‘1975ല്‍ ഇന്ദിരാഗാന്ധിയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തത്. 1987ല്‍ രാജീവ് ഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ സര്‍ക്കാര്‍ നേതൃത്വത്തിന് ഉദ്ഘാടനം നടത്തിക്കൂടാ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും ലൈബ്രറിയും ഉദ്ഘാടനം ചെയ്യുന്നതും പാര്‍ലമെന്റ് മൊത്തത്തില്‍ ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം ചൊവ്വാഴ്ച ഉദ്ഘാടനത്തിനായി പാര്‍ലമെന്റ് അംഗങ്ങളെ വാട്‌സ്ആപ്പ് വഴിയാണ് ക്ഷണിച്ചതെന്ന ആരോപണവും വരുന്നു. ‘ഒരുപക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കാം. എന്നാല്‍ ഇതിലും നല്ല രീതിയില്‍ അവര്‍ ക്ഷണിക്കണമായിരുന്നു,’ ഒരു പ്രതിപക്ഷ എം.പി പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.