പാംപ്ലാനിയുടെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു: വിചാരധാര പരാമര്‍ശത്തില്‍ പുനര്‍വിചാരവുമായി തലശ്ശേരി ബിഷപ്പ് ഹൗസ്
Kerala News
പാംപ്ലാനിയുടെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു: വിചാരധാര പരാമര്‍ശത്തില്‍ പുനര്‍വിചാരവുമായി തലശ്ശേരി ബിഷപ്പ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2023, 9:39 am

തിരുവനന്തപുരം: ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ പരാമര്‍ശങ്ങള്‍ ന്യായീകരിച്ച് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശത്തില്‍ പുനര്‍വിചാരവുമായി തലശ്ശേരി ബിഷപ്പ് ഹൗസ്.

റബര്‍ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബിഷപ് മാധ്യമങ്ങളോട് സംസാരിക്കാറുള്ളതെന്നും അതിനിടെ വന്ന ചില ചോദ്യങ്ങളിലെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ബിഷപ് ഹൗസ് വക്കതാവ് മാധ്യമം പത്രത്താട് പറഞ്ഞു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയ വാചകങ്ങളാണ് പ്രചരിക്കുന്നതെന്നും വിചാരധാരയിലെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ബിഷപ്പ് ഹൗസ് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പിയുമായി ബന്ധപ്പെടുത്തി വിമര്‍ശനമുന്നയിക്കുന്നവര്‍ വിചാരധാരയെ ആയുധമാക്കുന്നത് ശരിയല്ലെന്നായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന. ക്രിസ്ത്യാനികളെ ശത്രുക്കളായി കാണുന്ന നിരവധി ജനവിഭാഗങ്ങളുണ്ടെന്നും, വിചാരധാര പറയുന്നത് അന്നത്തെ സാഹചര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള പക്വത പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഈ വിവാദ പരാമര്‍ശനത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനകള്‍ പോലും വിചാരധാരയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പരാമര്‍ശം തള്ളി പറയാനോ അത് അന്നത്തെ കാലഘട്ടത്തില്‍ എഴുതിയതാണെന്ന് പറഞ്ഞ് ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നിരിക്കെ, അതിനെ ലഘൂകരിച്ച് കാണിക്കാനുള്ള പാംപ്ലാനിയുടെ നീക്കം സംഘപരിവാറിനേക്കാള്‍ തരം താണതാണെന്ന് അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി അഭിപ്രായപ്പെട്ടു.

ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണമെന്നാണ് സി.പി.ഐ.എം നേതാവ് എം.സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് പ്ലാംപാനി നടത്തിയ പ്രസംഗവും വലിയ വിവാദമായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്.

‘റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബി.ജെ.പിയെ സഹായിക്കും. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം,’ എന്നായിരുന്നു ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

content highlight: Pamplani’s response misinterpreted by media: Thalassery Bishop’s House reconsiders Vicharadhara remark