ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധിച്ചു; ഇസ്രഈലി പൗരൻമാർക്ക് നേരെ പൊലീസ് ക്രൂരത
World News
ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധിച്ചു; ഇസ്രഈലി പൗരൻമാർക്ക് നേരെ പൊലീസ് ക്രൂരത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 10:20 am

ജെറുസലേം: ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധിച്ച ഇസ്രഈലി പൗരന്മാർക്ക് പൊലീസിന്റെ ക്രൂരമർദനം. ഇസ്രഈലിലെ തുറമുഖനഗരമായ ഹൈഫയിൽ നടന്ന പ്രതിഷേധ സമരത്തിന് നേരെയാണ് പൊലീസ് ക്രൂരമായ ആക്രമണം നടത്തിയത്.

പ്രതിഷേധം ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ, പ്രധിഷേധക്കാരെ പൊലീസ് ആക്രമിക്കുകയായിരുന്നു. എട്ട് പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും നിരവധിപേരെ മർദിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തവരിൽ നാല് പേരെ രാത്രി തന്നെ വിട്ടയച്ചെങ്കിലും ബാക്കി ഉള്ളവർ കസ്റ്റഡിയിൽ തുടരുകയായിരുന്നു. പൊലീസ് ആക്രമണം അഴിച്ച് വിട്ടപ്പോൾ സമരക്കാർ ഹൈഫയിലെ തെരുവുകളിലൂടെ ഓടുകയും ഗസയിലെ ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കണമെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു.

പലരും പൊലീസിന് നേരെ ഇസ്രഈൽ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രഈൽ അധിനിവേശത്തിൽ നിന്ന് ഫലസ്തീനെ മോചിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധകരെ ക്രൂരമായി മർദിക്കുകയായിരുന്നു.

‘യുദ്ധം നടന്ന ആദ്യ നാളുകളിൽ അവർ ഞങ്ങളെ നിശബ്‌ദരാക്കി. എന്നാൽ ഇനിയും അതിന് സാധിക്കില്ല. ഞങ്ങൾക്ക് നിശബ്ദരായിരിക്കാൻ സാധിക്കില്ല. ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നത് വരെ ഞങ്ങൾ ഈ തെരുവ് വിട്ട് പോകില്ല,’ പ്രതിഷേധക്കാരിൽ ഒരാൾ മിഡിൽ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

അതോടൊപ്പം പൊലീസിന്റെ ആക്രമണം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും പൊലീസ് തടയാൻ ശ്രമിച്ചു. അക്രമത്തിൽ ഹാർടൈസിൽ നിന്നുള്ള ഒരു റിപ്പോർട്ടർ അടക്കം രണ്ട് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു.

ഇസ്രഈൽ വംശഹത്യക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ 20 ഇസ്രഈലി പൗരന്മാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ‘അറബികൾക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു അവർ പ്രതിഷേധിച്ചത്. എന്നാൽ ഇവർക്കെതിരെ പൊലീസ് യാതൊരുവിധ നടപടിയുമെടുത്തില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസ വംശഹത്യക്കെതിരെ ഇസ്രഈലിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ ആദ്യമായല്ല ആക്രമണം ഉണ്ടാകുന്നത്. 200ൽ അധികം ആളുകൾ പങ്കെടുത്ത മറ്റൊരു പ്രതിഷേധം ഹൈഫയിൽ രണ്ട് ദിവസം മുൻപും നടന്നിരുന്നു. അതിന് നേരെയും ഭരണകൂടം സമാനമായിത്തന്നെയാണ് പ്രതികരിച്ചത്. ഈ സമരത്തിൽ ഒമ്പത് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് മർദനത്തിൽ പരിക്കേറ്റിരുന്നു. പിന്നീടവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

 

 

Content Highlight: Palestinian protest in Isreal met with police brutality