ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട്, ഹമാസും
palestine
ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട്, ഹമാസും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Saturday, 28th October 2023, 7:35 pm
1987ല്‍ രൂപംകൊണ്ട ഹമാസ് എന്ന ഇസ്ലാമിക ചെറുത്തുനില്‍പ്പ് ഗ്രൂപ്പ് ആഗോള രാഷ്ട്രീയ ഇസ്ലാമിസത്തെ പിന്‍പറ്റുന്നവരാണെന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ ആരംഭ കാലത്തെ നിലപാടുകളില്‍ നിന്നും അവരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന നിരീക്ഷണങ്ങള്‍ വര്‍ത്തമാന സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിന്റെ മതാധിഷ്ഠിത ദര്‍ശനങ്ങള്‍ ഹമാസിനെ സ്വാധീനിക്കുമ്പോഴും പോരാട്ടത്തിന്റെ പ്രയാണഗതിയില്‍ മതനിരപേക്ഷവും ജനാധിപത്യപരവുമായ നിലപാടുകള്‍ ഹമാസിലൊരു വിഭാഗം സ്വാംശീകരിച്ചിട്ടുണ്ടെന്നാണ് പല പശ്ചിമേഷ്യന്‍ വിദഗ്ധന്മാരും ചൂണ്ടിക്കാട്ടുന്നത്.

ഗസയുടെ പ്രതിരോധത്തെയും അതിന് നേതൃത്വം കൊടുക്കുന്ന ഹമാസിനെയും ഭീകരവാദികളായി ചിത്രീകരിച്ച് ഇസ്രാഈല്‍ ഗാസക്ക് നേരെ നടത്തുന്ന കൂട്ടക്കൊലകളെയും ഉപരോധങ്ങളെയും ന്യായീകരിക്കുന്ന സയണിസ്റ്റ് യുക്തിയാണ് ശശി തരൂരിന്റേത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടു തന്നെ ഇസ്രഈലിന്റെ അധിനിവേശനീക്കങ്ങളെ എന്നും ന്യായീകരിച്ചു പോന്ന സയണിസ്റ്റ് ഇന്റലിജന്‍സ് നയതന്ത്രം കളിക്കുന്ന ഇന്റലക്ച്വല്‍ ഗ്യാങ്ങില്‍പെട്ടയാളാണ് ഈ തരൂര്‍.

ശശി തരൂരിന്റെ ഈയൊരു പശ്ചാത്തലവും ബന്ധവും ലീഗ് നേതാക്കള്‍ എന്തുകൊണ്ടോ കാണാതെ പോയി. അതുകൊണ്ടാവാം കോഴിക്കോട് ഐക്യദാര്‍ഢ്യ റാലിയില്‍ തരൂരിനെ എഴുന്നെളിച്ച് കൊണ്ടുവന്ന് അവര്‍ക്ക് സ്വയം അപമാനിതരാകേണ്ടി വന്നത്.

ശശി തരൂര്‍ കോഴിക്കോട് നടന്ന ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രസംഗിക്കുന്നു

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തോടൊപ്പം ലോകത്തെയെത്തിക്കാനാണ് തങ്ങള്‍ റാലി നടത്തിയതെന്നും അതിനായിട്ടാണ് അന്താരാഷ്ട്ര കാര്യങ്ങളില്‍ വിവരമുള്ള തരൂരിനെ ക്ഷണിച്ചു കൊണ്ടുവന്നതെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ഇപ്പോള്‍ ലീഗുകാര്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയുള്ള അവസ്ഥയിലാണ്.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ ശശി തരൂര്‍ ഫലത്തില്‍ ഇസ്രഈല്‍ ഐക്യദാര്‍ഢ്യമാക്കി അട്ടിമറിച്ചു.

32 മിനുട്ട് നീണ്ടു നിന്ന തന്റെ പ്രസംഗത്തില്‍ ശശിതരൂര്‍ ഫലസ്തീന് അനുകൂലമായി എന്തെല്ലാം പറഞ്ഞു, നിങ്ങളൊക്കെ ഒറ്റ വാചകത്തില്‍ പിടിച്ച് തരൂരിന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയല്ലേയെന്നാണ് കോണ്‍ഗ്രസ് വക്താക്കളും ചില മുസ്‌ലിം ലീഗ് നേതാക്കളുമിപ്പോള്‍ ജാള്യത മറക്കാനും തരൂരിനെ വൃഥാ ന്യായീകരിക്കാനുമായി ചോദിച്ചു കൊണ്ടിരിക്കുന്നത്.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇവരില്‍ പലരും അസ്പഷ്ട ധാരണകളിലും ബി.ജെ.പി ലൈനിലും നിന്ന് ഗാസയുടെ പ്രതിരോധത്തെ ഭീകരാക്രമണമായി തന്നെ കാണുന്നവരുമാണെന്നതാണ് അവരുടെ വാദങ്ങളെല്ലാം തെളിയിക്കുന്നത്. ലളിതമായൊരു സത്യം മനസ്സിലാക്കാനാവാത്ത ഫാസിസ്റ്റ് യുക്തിയിലാണവരുടെ വാദങ്ങളെല്ലാം ചെന്നെത്തുന്നത്.

ഒക്ടോബര്‍ 7ന്റെ ഹമാസ് ആക്രമണം തുടര്‍ച്ചയായി ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരായി നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമണങ്ങളുടെയും നരഹത്യകളുടെയും സാഹചര്യത്തില്‍ നിന്ന് പൊറുതിമുട്ടിയ ഒരു ജനതയുടെ പ്രത്യാക്രമണമാണെന്ന് മനസിലാക്കാന്‍ തരൂരിനെ ന്യായീകരച്ചു വരുന്ന പല കോണ്‍ഗ്രസുകാര്‍ക്കും കഴിയാത്തത് അവര്‍ ബി.ജെ.പിയുടെ ഹിന്ദുത്വയുക്തിയില്‍ നിന്ന് കാര്യങ്ങളെ കാണുന്നത് കൊണ്ടാണ്.

ഹമാസ് പ്രതിരോധത്തെ ഭീകരാക്രമണമായി ലോകത്തിന്റെ മുമ്പിലവതരിപ്പിച്ച് ഇസ്രഈലിന്റെ വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള ഗസക്കെതിരായ യുദ്ധത്തെ ന്യായീകരിക്കുകയാണവര്‍. യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറാസിന്റെ തിരിച്ചറിവുപോലും ഗാന്ധിയുടെ പാരമ്പര്യമുള്ള പാര്‍ടിയുടെ നേതാവായ വിശ്വപൗരന്മാര്‍ക്കില്ലാതെ പോവുന്നത് അവരുടെ സയണിസ്റ്റ് പക്ഷപാതിത്വം കൊണ്ടാണ്.

യു.എന്‍ സെക്രട്ടറി ജനറല്‍

ഈയൊരു സാഹചര്യത്തില്‍ ഹമാസിനോടുള്ള സമീപനവും ഗസയുടെ പ്രതിരോധവും ഫലസ്തീനിന്റെ അതിജീവനുമൊക്കെ മനസിലാക്കാന്‍ ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സമീപനം വഴിയേ സാധിക്കൂ. ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കും വഴിതിരിയലും യാസര്‍ അറഫാതിന്റെ നേതൃത്വത്തിലും പി.എല്‍.ഒയുടെ വിശ്വാസ്യതയിലും അസ്ഥിരീകരണമുണ്ടാക്കിയ സംഭവഗതികളെയെല്ലാം വിശകലന വിധേയമാക്കേണ്ടതുണ്ട്. അതില്‍ മൊസാദും സി.ഐ.എയുമെല്ലാം വഹിച്ച പങ്കും പരിശോധനാ വിധേയമാക്കേണ്ടി വരും. അതീ കുറിപ്പിന്റെ പരിധിയില്‍ പ്രയാസകരമാണു.

ഫലസ്തീന്‍ വിമോചനം മതനിരപേക്ഷ ജനാധിപത്യ ഉള്ളടക്കത്തില്‍ നിന്നും അന്താരാഷ്ട സമൂഹത്തിന്റെ മുമ്പിലെത്തിച്ച യാസര്‍ അറഫാതിന്റെയും പി.എല്‍.ഒയുടെ നിലപാടിനോട് ചേര്‍ന്നാണ് പൊതുവെ ലോകരാജ്യങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെ ഭാഗമായത്. അറബ്-ഇസ്രഈല്‍ യുദ്ധം തൊട്ട് പലസ്തീന്‍ ദേശീയ സ്വാതന്ത്ര്യത്തിനായി പൊരുതിയ അറഫാത് 1958ലാണ് ഫത്താ പാര്‍ടി രൂപീകരിക്കുന്നത്.

യാസര്‍ അറഫാത്

ഇതേ കാലയളവില്‍ ജോര്‍ജ് ഹബാഷ് ഫലസ്തീന്‍ വിമോചനം ലക്ഷ്യം വെച്ച് അറബ് നാഷണല്‍ മൂവ്‌മെന്റും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ഫലസ്തീന്‍ ലിബറേഷനും രൂപീകരിക്കുന്നുണ്ട്. മുഖ്യമായും ഈ രണ്ട് പ്രസ്ഥാനങ്ങളും സംയോജിച്ചാണ് അറബ് ലീഗ് പിന്തുണയോടെ 1964ല്‍ പി.എല്‍.ഒ രുപീകരിക്കുന്നത്.

1967ലെ യുദ്ധത്തിലുണ്ടായ പരാജയത്തിന്റെ സാഹചര്യത്തിലാണ് സൈനികവും ജനകീയവുമായ സമരങ്ങളെ കോര്‍ത്തിണക്കിയും ലോകരാജ്യങ്ങളുടെ പിന്തുണ ആര്‍ജിച്ചും പി.എല്‍.ഒ സജീവമായതും ഫലസ്തീനില്‍ ഒരു ഭരണ സംവിധാനത്തിന്റെ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും. ഇസ്രഈല്‍ ലോബിയിംഗിനെയും ഭീകരമായ ആക്രമണങ്ങളെയും അതിജീവിച്ച് നൂറിലേറെ രാജ്യങ്ങളുമായി ഫലസ്തീന്‍ അഥോറിറ്റി നയതന്ത്ര ബന്ധമുറപ്പിക്കുന്നുണ്ട്. പി.എല്‍.ഒയെ ആദ്യമായി അംഗീകരിച്ച രാജ്യം പശ്ചിമേഷ്യക്ക് പുറത്ത് ഇന്ത്യയായിരുന്നുവെന്ന കാര്യം ഇസ്രഈല്‍ പ്രേമം മനസില്‍ വെച്ച് നടക്കുന്ന വിശ്വപൗരന്മാരെ ഓര്‍മ്മിപ്പിക്കേണ്ടതായുണ്ട്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും നഗ്‌നമായ സയണിസ്റ്റ് ആക്രമണങ്ങളെയും നേരിട്ടു കൊണ്ട് ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ അംഗീകരിപ്പിക്കാനും ഇത് ഐക്യരാഷ്ട്രസഭാ പ്രമേയമാക്കി തീരുമാനമെടുപ്പിക്കാനും അറഫാത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ്, 1987ഓടെ യു.എന്നിന്റെ ഈ മേഖലയില്‍ രണ്ട് രാഷ്ട്രം എന്നത് അംഗീകരിക്കാനാവില്ലെന്നും യാസര്‍ അറഫാത്ത് ഫലസ്തീനികളെ വഞ്ചിച്ചുവെന്നും പ്രചാരണം ശക്തിപ്പെടുത്തി കൊണ്ട രാഷ്ട്രീയ ഇസ്ലാമിസ്റ്റ് നിലപാടില്‍ നിന്ന് ഹമാസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാതെയുള്ള തീവ്രനിലപാടുകളെടുത്ത ഹമാസ് നേതൃത്വം ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണമായ ചരിത്ര ഗതിയിലൂടെ പിന്നീട് ഗാസയില്‍ ഭരണം കയ്യാളുന്ന അവസ്ഥയിലെത്തി. അവരില്‍ വലിയൊരു വിഭാഗം പി.എല്‍.ഒയുടെയും അറഫാത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ ദേശീയ നിലപാടുകളെ തിരിച്ചറിയുകയും പാന്‍ ഇസ്‌ലാമിസ്റ്റ് നിലപാടുകള്‍ ഉപേക്ഷിക്കുകയും ചെയതു. ഇതോടെ ഹമാസിന്റെ വിമര്‍ശകരായി ഇസ്ലാമിസ്റ്റ് ജിഹാദി ഗ്രൂപ്പുകളും അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നതും കാണണം.

പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് ഇസ്രഈല്‍ ആണെന്ന കാര്യം അന്താരാഷ്ട്ര സമൂഹം ചിരകാലമായി ഉന്നയിക്കുന്നതാണ്.

ഗസയും വെസ്റ്റ് ബാങ്കും ഒന്നും ഇസ്രഈലിന്റേതല്ല. സ്വന്തം മണ്ണിനെ കീഴടക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരെ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ ഗസയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാര്യമാണ് ഇസ്രഈല്‍ ഭരണകൂടം നിരന്തരമായി നിഷേധിക്കുന്നത്.

ഹമാസ് ഭീകരവാദ പാര്‍ടിയാണെന്ന ഇസ്രഈലിന്റെ വാദം സ്വന്തം ആക്രമണങ്ങളെയും നരഹത്യകളെയും മറച്ചു പിടിക്കാനുള്ള കുറുന്യായം മാത്രമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത പാതകങ്ങളുടെ ആസൂത്രകരും പ്രയോക്താക്കളുമാണ് സയണിസ്റ്റുകള്‍. അവരാണ് ലോകംകണ്ട ഏറ്റവും വലിയ ഭീകരവാദികളെന്ന കാര്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.

1982ലെ സാബ്രാ-ഷാറ്റില കൂട്ടക്കൊല മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ഈ പ്രദേശങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ അനാഥരാണ് ഹിസ്ബുള്ള പോലുള്ള ലെബനന്‍ പോരാളികളുടെ സംഘടനകള്‍ക്ക് രൂപം നല്‍കിയത്. ഇസ്രഈല്‍ ഭീകരതയാണ് തീവ്രവാദപരമായ നിലപാടുകള്‍ സ്വീകരിച്ച ഫലസ്തീന്‍ യുവാക്കളെ ഹമാസ് അണികളാക്കിത്തീര്‍ത്തത്.

1987ല്‍ രൂപംകൊണ്ട ഹമാസ് എന്ന ഇസ്‌ലാാമിക ചെറുത്തുനില്‍പ്പ് ഗ്രൂപ്പ് ആഗോള രാഷ്ട്രീയ ഇസ്‌ലാമിസത്തെ പിന്‍പറ്റുന്നവരാണെന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ ആരംഭ കാലത്തെ നിലപാടുകളില്‍ നിന്നും അവരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന നിരീക്ഷണങ്ങള്‍ വര്‍ത്തമാന സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഇസ്രഈലിനെതിരെ അനുരഞ്ജന രഹിതമായ പോരാട്ടമാണ് ഗസ സര്‍ക്കാര്‍ ലക്ഷ്യമായെടുത്തിരിക്കുന്നത്. യു.എസ്-ഇസ്രഈല്‍ ഭീകരതക്കെതിരായ ഹമാസിന്റെ പ്രതിരോധങ്ങളെയാണ് സയണിസ്റ്റുകളും സാമ്രാജ്യത്വശക്തികളും ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മതാധിഷ്ഠിത ദര്‍ശനങ്ങള്‍ ഹമാസിനെ സ്വാധീനിക്കുമ്പോഴും പോരാട്ടത്തിന്റെ പ്രയാണഗതിയില്‍ മതനിരപേക്ഷവും ജനാധിപത്യപരവുമായ നിലപാടുകള്‍ ഹമാസിലൊരു വിഭാഗം സ്വാംശീകരിച്ചിട്ടുണ്ടെന്നാണ് പല പശ്ചിമേഷ്യന്‍ വിദഗ്ധന്മാരും ചൂണ്ടിക്കാട്ടുന്നത്. മുകളിലത് സൂചിപ്പിച്ചല്ലോ.

ഫത്താകക്ഷിയും ഹമാസുമെല്ലാം പശ്ചിമേഷ്യന്‍ മേഖലയില്‍ അറബ് ദേശീയതയില്‍ അധിഷ്ഠിതമായ ഫലസ്തീനിന്റെ ദേശീയ സ്വത്വത്തിനുവേണ്ടിയാണ് പോരാടുന്നത്. ഹമാസ് നേതാവ് ഖാലിദ് മിശ്ഹാല്‍ ലോസ്ഏഞ്ചലോസ് ടൈംസിലും ഗാര്‍ഡിയന്‍ പത്രത്തിലും നേരത്തെ എഴുതിയ ലേഖനങ്ങളുദ്ധരിച്ച് പല പശ്ചിമേഷ്യന്‍ വിദഗ്ധന്മാരും ഹമാസിന്റെ നിലപാടുകളില്‍ വരുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നുണ്ട്.

പി.എല്‍.ഒ.യുടെ സാമ്രാജ്യത്വവിരുദ്ധ മതനിരപേക്ഷ ദേശീയതയെ സ്വാംശീകരിക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് ഹമാസ് കടന്നുപോകുന്നത്. അതിനകത്ത് തന്നെ കടുത്ത ഇസ്‌ലാാമികവല്‍ക്കരണം ആവശ്യപ്പെടുന്ന ഒരുവിഭാഗം പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഹമാസിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇസ്രഈല്‍ വിരുദ്ധ നിലപാടുകളാണ് സാമ്രാജ്യത്വ ശക്തികളെ പ്രകോപിതരാക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ പ്രമേയവും അന്താരാഷ്ട്ര ധാരണകളുമനുസരിച്ചുള്ള ഫലസ്തീനിനോടൊപ്പം ഇസ്രഈലുമെന്ന നിലപാടിനെ ഇപ്പോള്‍ ഹമാസ് തള്ളിക്കളയുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ലെബനനിലെ ഹിസ്ബുള്ളയെ പോലെ ഗസയില്‍ ഹമാസിനെ നിയമാനുസൃതമായ രാഷ്ട്രീയപാര്‍ടിയായി അംഗീകരിക്കണമെന്ന ആവശ്യം സാര്‍വ്വദേശീയ തലത്തില്‍ സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ അമേരിക്കന്‍ ഗവര്‍മെന്റിനോടുള്ള ആഹ്വാനം. ഹമാസ് ഒരു ഭീകരവാദ പാര്‍ടിയല്ലെന്നാണ് മുന്‍ ഐറീഷ് പ്രസിഡന്റ് മേരിറോബിന്‍സണുമായി ചേര്‍ന്ന് ഫോറിന്‍പോളിസി മാസികയില്‍ കാര്‍ട്ടര്‍ എഴുതിയ ലേഖനം പറയുന്നത്.

ജിമ്മി കാര്‍ട്ടര്‍

ഒരു സ്വതന്ത്ര രാഷ്ട്രീയശക്തി എന്നനിലക്ക് ഹമാസിനെ തള്ളിക്കളയാനാവില്ലെന്നാണ് യു.എസിലെയും യൂറോപ്പിലെയും ഭരണാധികാരികളെ ഈ ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. ഇസ്രഈല്‍ പ്രതിരോധസേന ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മനുഷ്യത്വപരമോ നിയമപരമോ ആയ ഒരു ന്യായീകരണവുമില്ലെന്നും ഹമാസിന്റെ അസ്ഥിത്വത്തെ ഇത്തരം അക്രമങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയുകയില്ലെന്നുമാണ് ലേഖനം തുറന്നുപറയുന്നത്.

ഫലസ്തീന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുള്ള ഹമാസിനെ നിയമാനുസൃത രാഷ്ട്രീയപാര്‍ടിയായി അംഗീകരിച്ച് ഫലസ്തീനിലെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പല ലോകനേതാക്കളും ആവശ്യപ്പെടുന്നത്.

ബൊളീവിയ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഫലസ്തീന്‍ ജനതയുടെ വിധി നിര്‍ണ്ണയിക്കാന്‍ അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അധികാരമുണ്ടെന്ന കാര്യം നിഷേധിക്കാന്‍ പാടില്ലെന്ന് ഇസ്രഈല്‍ ഭരണാധികാരികളെ താക്കീത് ചെയ്യുകയുണ്ടായി.

ഇസ്രഈല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയത് ഹമാസിനോടുള്ള വിമര്‍ശനവും വിയോജിപ്പും സയണിസ്റ്റ് അധിനിവേശത്തിനുള്ള സമ്മതമായി മാറാന്‍ പാടില്ലെന്നാണ്.

പശ്ചിമേഷ്യയെ വംശീയവല്‍ക്കരിച്ചതും സംഘര്‍ഷഭരിതമാക്കിയതും സാമ്രാജ്യത്വഭരണകൂടങ്ങളുടെ കയ്യില്‍ കളിച്ച സയണിസ്റ്റ് നേതാക്കളാണ്. ഫലസ്തീന്‍ ബുദ്ധിജീവിയും വെസ്റ്റ്ബാങ്കിലെ രാമല്ലാസര്‍വ്വകലാശാല അധ്യാപികയുമായ ലിസാതരാക്കി ഗസയെയും വെസ്റ്റ്ബാങ്കിനെയും കീഴടക്കി ഇസ്രഈല്‍ സൃഷ്ടിച്ച അധിനിവേശ ഭീകരതയാണ് ഹമാസ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കിയതെന്നും അവര്‍ അധിനിവേശ ഭീകരതയെ പ്രതിരോധിക്കയുമാണെന്നുമാണ് ‘ജേര്‍ണല്‍ ഓഫ് പലസ്തീന്‍ സ്റ്റഡീസില്‍’ എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നത്.

ഹമാസിന്റെ മതാത്മകമായ കാഴ്ചപ്പാടുകളെ വിമര്‍ശിക്കുമ്പോഴും നിസ്സഹായമായ ഒരു ജനതയുടെ പ്രതിരോധത്തെ കുറ്റപ്പെടുത്താനാവില്ലെന്നാണ് ഗസയിലെയും വെസ്റ്റ്ബാങ്കിലെയും അധിനിവേശ വിരുദ്ധപേരാട്ടങ്ങളെ വിശകലനം ചെയ്തുകൊണ്ട് ലിസ എഴുതുന്നത്.

ഭൂരിപക്ഷ ഫലസ്തീനികളും ഭക്ഷണം, വസ്ത്രം തുടങ്ങി അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനുള്ള വരുമാനമോ തൊഴിലോ ഇല്ലാത്തവരാണ്. 50%ത്തിലേറെ യുവാക്കള്‍ തൊഴില്‍രഹിതരാണ്. ഗസയിലെ ജനങ്ങളുടെ നികുതിപ്പണം പോലും ഇസ്രഈല്‍ ഗവണ്‍മെന്റ് പിടിച്ചെടുക്കുകയാണ്. അറബ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് 80% ജനങ്ങളും ജീവന്‍ നിലനിര്‍ത്തിപ്പോകുന്നത്. കൃഷിയിറക്കാനോ മത്സ്യബന്ധനം നടത്താനോ ഫലസ്തീനികളെ ഇസ്രഈല്‍ അനുവദിക്കുന്നില്ല. ഉപരോധം ഉപജീവനത്തിന്റെ വഴികളില്‍ നിന്നും സാധ്യതകളില്‍ നിന്നും ഭൂരിപക്ഷം ഫലസ്തീനികളെ പറിച്ചെറിയുകയാണ്.

ആരോഗ്യ ചികിത്സാരംഗം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. വൈദ്യസേവനം ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാണ്. ഉപരോധം മൂലം മരുന്നുകളും ഫലസ്തീനില്‍ ലഭ്യമല്ല. 16 മണിക്കൂര്‍ വൈദ്യുതികട്ട് നിലനില്ക്കുന്നതുമൂലം പരിക്കുപറ്റുന്നവര്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സാസൗകര്യം നല്‍കാനാവാത്ത സാഹചര്യമാണ്. ഇപ്പോള്‍ ഗസയിലെ പ്രധാന പവര്‍സ്റ്റേഷനുകളെല്ലാം ഇസ്രാഈല്‍ തകര്‍ത്തുകളഞ്ഞു. വെളിച്ചവും വെള്ളവുമില്ല, ഭക്ഷണമില്ല എങ്ങും മുറിവേറ്റമനുഷ്യരുടെ നിസ്സഹായമായ നിലവിളികളാണ്.

ഇന്നിപ്പോള്‍ ഒക്ടോബര്‍ 7നുശേഷം ഗസ ചോരയില്‍ മുങ്ങിമരിക്കുകയാണ്. വ്യോമാക്രമണങ്ങളും ഉപരോധങ്ങളും കൂട്ടക്കൊലകളും പട്ടിണിയും സൃഷ്ടിക്കുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമായി ആശുപത്രികള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും പലായനം ചെയ്യുന്ന ജനക്കൂട്ടങ്ങള്‍ക്കും നേരെയും ബോംബുവര്‍ഷം തുടരുന്നു. ഗസയോടൊപ്പം നില്‍ക്കണമെന്നതും ഫലസ്തീനികളുടെ സ്വതന്ത്രരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കണമെന്നതുമാണ് അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ കാമ്പയിനുകള്‍ ആവശ്യപ്പെടുന്നത്.

ഹമാസിനെ ചൂണ്ടി ഇപ്പോള്‍ ഇസ്രഈല്‍ സേന നടത്തുന്ന നരഹത്യകളയും അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തിയുള്ള യുദ്ധാക്രമണങ്ങളെയും ന്യായീകരിക്കുന്നതാകാതിരിക്കാനാണ് ഫലസ്തീന്‍ പ്രശ്‌നത്തില്‍ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടത്.

ശശി തരൂര്‍ ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

CONTENT HIGHLIGHTS; Palestinian politics is changing, and so is Hamas, kt kunjikkannan writes

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍