പാലക്കാട്: കെ.എസ്.യു ജില്ലാ കമ്മിറ്റിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കെ.എസ്.യു ഭാരവാഹിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയാണ് കെ.എസ്.യു ഭാരവാഹിയെ ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ കെ.പി.സി.സി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരിക്കുകയാണ് കെ.എസ്.യു പ്രവര്‍ത്തകന്‍.
കമ്മിറ്റികളില്‍ വിമര്‍ശനമുനയിച്ചാലോ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലോ, കൊല്ലുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായാണ് പരാതി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വധഭീഷണി മുഴക്കുന്ന ശബ്ദസന്ദേശമുള്‍പ്പെടെയാണ് കെ.എസ്.യു പ്രവര്‍ത്തകന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. കെ.എസ്.യു പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗം ഡി.സി.സി ഓഫീസില്‍ വെച്ച് നടന്നിരുന്നു. യോഗത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു.
യോഗത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.എസ്.എസ് ഒറ്റപ്പാലം കോളേജിലെ യൂണിറ്റ് അംഗം കൂടിയായ കെ.എസ്.യു പ്രവര്‍ത്തകന്‍ വിമര്‍ശിക്കുകയായിരുന്നു. ഇതാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെ ചൊടിപ്പിച്ചത്.
തങ്ങളുടെ ഗ്രൂപ്പിലുള്ള കെ.എസ്.യു ജില്ലാ ഭാരവാഹികളെ വിമര്‍ശിക്കരുതെന്നും, ഇനി വിമര്‍ശിച്ചാല്‍ വീട്ടില്‍ കയറി തല തല്ലിപൊളിക്കുമെന്നാണ് കെ.എസ്.യു ഭാരവാഹിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഭീഷണിയില്‍ പതറാതായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.
നേരത്തെ, ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചതിന് വിനീഷ് കരിമ്പാറയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.