പാലാ ഉപതെരെഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും
Pala Bypoll
പാലാ ഉപതെരെഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2019, 7:49 pm

പാലാ: പാലാ ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഉച്ചയോടെ തീരുമാനമുണ്ടാകുമെന്ന് ജോസ് കെ. മാണി പറഞ്ഞു.

സ്ഥാനാര്‍ഥി ആരെന്ന് നാളെ യു.ഡി.എഫ് നേതാക്കളെ അറിയിക്കുമെന്നും ചിഹ്നത്തിന്റെ കാര്യത്തിലും നാളെ തീരുമാനമാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.

നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം അറിയിച്ചു. നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

വോട്ടര്‍ പട്ടികയില്‍ പേരുള്ള നിഷ ജോസ് കെ.മാണിക്ക് സ്ഥാനാര്‍ഥിയാകുന്നതില്‍ തടസമില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞിരുന്നു.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനമായിരുന്നു. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുകയെന്നും സാധ്യതാ പട്ടിക ഉടന്‍ കൈമാറുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പനാണ്. എന്‍.സി.പി നേതാവായ കാപ്പന്‍ തന്നെയാണ് കഴിഞ്ഞ മൂന്നുതവണയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

മുന്‍പ് കാപ്പന്‍ പാലായില്‍ മത്സരിച്ചപ്പോഴൊക്കെയും വിജയം കെ.എം മാണിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.