പാകിസ്താനില്‍ നിന്നുള്ള എം.എസ്, എം.ഡി ഡോക്ടര്‍മാരെ സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ പുറത്താക്കുന്നു
ജിദ്ദ: പാകിസ്താനില്‍ നിന്നുള്ള എം.എസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എം.ഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരുടെ യോഗ്യത സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ റദ്ദാക്കി.
ഏറ്റവും കൂടുതല്‍ പാക് ഡോക്ടര്‍മാരുള്ള സൗദിയാണ് ആദ്യം തീരുമാനമെടുത്തത്. പിന്നാലെ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Saudi Commission for Health Specialties’ (SCFHS) മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരെ പുറത്താക്കുന്നത്. 2016ല്‍ കറാച്ചിയിലും ലാഹോറിലും ഇസ്‌ലാമാബാദിലുമായി ഇന്റര്‍വ്യൂ നടത്തി ജോലിക്കെടുത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും.
പാകിസ്താനിലെ മെഡിക്കല്‍ ബിരുദങ്ങളെയാണ് ഇപ്പോള്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് തള്ളുന്നത്. അതേ സമയം ഇന്ത്യയും ഈജിപ്റ്റും സുഡാനും ബംഗ്ലാദേശുമടങ്ങുന്ന രാജ്യങ്ങള്‍ നല്‍കുന്ന സമാനമായ കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സമയത്താണ് രാജ്യത്തെ കോഴ്‌സുകള്‍ക്ക് അയോഗ്യത കല്‍പിക്കുന്നതെന്ന് പാക് ഡോക്ടറെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.