'തിരിച്ചടക്കണം വായ്പ'; 'കശ്മീര്‍ പോരില്‍' പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സൗദി; സഹായത്തിനെത്തി ചൈന
World News
'തിരിച്ചടക്കണം വായ്പ'; 'കശ്മീര്‍ പോരില്‍' പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സൗദി; സഹായത്തിനെത്തി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 1:07 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനുമേല്‍ വായ്പ തിരികെയടക്കാന്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ശക്തമാക്കി. ഇതിന് പിന്നാലെ സോഫ്റ്റ് ലോണ്‍ (സാധാരണ പലിശയിലും താഴ്ന്ന നിരക്കിലോ പലിശ രഹിതമായോ നല്‍കുന്ന വായ്പ) ഇനത്തില്‍ സൗദി അറേബ്യ പാകിസ്ഥാനു നല്‍കിയ 3 ബില്ല്യണ്‍ ഡോളറിന്റെ വായ്പയില്‍ നിന്ന് ഒരു ബില്ല്യണ്‍ പാകിസ്ഥാന്‍ തിരിച്ചടച്ചു.

കശ്മീര്‍ വിഷയത്തില്‍ അടിയന്തിരമായി ഒ.ഐ.സി( ഓര്‍ഗനൈസേഷന്‍ ഓഫ് ദ ഇസ്‌ലാമിക് കോര്‍പ്പറേഷന്‍) സെഷന്‍ വിളിച്ചു ചേര്‍ക്കാത്തതില്‍ സൗദിക്കെതിരെ പാകിസ്ഥാന്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സൗദി കാണുന്നില്ലെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വായ്പ തിരിച്ചടക്കാന്‍ പാകിസ്ഥാനുമേല്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നത്. ഇതിലുപരി തുര്‍ക്കിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സൗദി-പാക് ബന്ധം ശിഥിലമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് സൗദി ലോണ്‍ തിരികെയടക്കാന്‍ പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതും.

അടുത്തമാസം മൂന്നാം ഘഡുവായി പാകിസ്ഥാന്‍ ഒരു ബില്ല്യണ്‍ ഡോളര്‍ കൂടി തിരികെ അടക്കണമെന്ന സമ്മര്‍ദ്ദം സൗദി ശക്തമാക്കിയിരിക്കുകയാണ്. ജൂലായില്‍ വായ്പയുടെ ഒന്നാം ഘഡു പാകിസ്ഥാന്‍ തിരികെ അടച്ചിരുന്നു. ഇത്തവണ വായ്പയുടെ രണ്ടാംഘഡുവാണ് സൗദി തിരിച്ചടച്ചത്.

വായ്പ തിരികെ അടക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ സഹായത്തിനായി ചൈനയെ സമീപിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കടം തിരികെ നല്‍കാന്‍ റിയാദ് പാകിസ്ഥാനുമേല്‍ ഇത്രയധികം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നത് അസ്വഭാവികമായ സാഹചര്യമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വായ്പയുടെ അടുത്ത ഘഡു കൂടി അടച്ചാല്‍ പാകിസ്ഥാനെ ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും നിരീക്ഷണങ്ങളുണ്ട്. അതേസമയം സാമ്പത്തിക സമ്മര്‍ദ്ദം പാകിസ്ഥാനുമേല്‍ കൂടിയതോടെ ചൈന തങ്ങളെ സഹായിക്കാനെത്തിയെന്നാണ് പാകിസ്ഥാന്‍ പ്രതിനിധികള്‍ പറയുന്നത്.

പാക് സെന്‍ട്രല്‍ ബാങ്ക് ഡെബ്റ്റ് സ്വാപ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അടുത്ത മാസം തന്നെ റിയാദ് ആവശ്യപ്പെടുന്ന ഒരു ബില്ല്യണ്‍ ഡോളര്‍ തിരികെ നല്‍കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.

2018ലാണ് സൗദി അറേബ്യ പാകിസ്ഥാന് 3 ബില്ല്യണ്‍ ഡോളര്‍ കടമായും 2.2 ബില്ല്യണ്‍ ഡോളര്‍ ഓയില്‍ ക്രെഡിറ്റായും അനുവദിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യ നിലപാട് വ്യക്തമാക്കത്തതിനെ പാകിസ്ഥാന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യ വായ്പയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ചത്. ഇതിനു പുറമെ സൗദി അറേബ്യയിലെത്തിയ പാക് ആര്‍മി തലവനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കാനും വിസമ്മതിച്ചിരുന്നു.

അതേസമയം പാകിസ്ഥാനുള്‍പ്പെടെയുള്ള ഉള്‍പ്പെടെ രാഷ്ട്രങ്ങളെ കടക്കെണയിലാക്കി ചൈന വരുതിയിലാക്കുകയാണെന്ന സ്ഥിരം ആരോപണവുമായി വിഷയത്തില്‍ അമേരിക്കയും രംഗത്തെത്തി കഴിഞ്ഞു. പാകിസ്ഥാനില്‍ ചൈന വന്‍ വികസന പദ്ധതികള്‍ക്കാണ് നേതൃത്വം വഹിക്കുന്നത്. ഇത് ഇന്ത്യയും വലിയ ആശങ്കയിലാണ് നോക്കികാണുന്നത്.

പാകിസ്ഥാനും സൗദിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ സൗദിയേയും ഇന്ത്യേയേയും അടുപ്പിക്കുമെന്നാണ് ചില അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സൗദി സാമ്പത്തിക മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണങ്ങളും ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നത് സൗദിക്കും ഗുണകരമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണി മാത്രം കേന്ദ്രീകരിച്ചായിരുന്നു സൗദിയുടെ സാമ്പത്തിക മേഖല പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി മറ്റ് വാണിജ്യ മേഖലയിലേക്കും വിദേശ നിക്ഷേപത്തിലേക്കും സൗദി അറേബ്യ കടന്നിരുന്നു.

ഇക്കാരണത്താലാണ് കശ്മീര്‍ വിഷയത്തില്‍ സൗദി മൗനം പാലിക്കുന്നതെന്നും നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
സൗദി അറേബ്യയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ അറാക്കോ ഇന്ത്യയില്‍ വന്‍ തുകയുടെ നിക്ഷേപം നടത്തിയത് ഇന്ത്യയുമായുള്ള വ്യവസായ ബന്ധത്തിന് സൗദി താത്പര്യപ്പെടുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pakistan returns $1 billion of Saudi Arabia’s soft loan, officials say