പാകിസ്താൻ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ രാജി
World
പാകിസ്താൻ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ രാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 6:03 pm

ഇസ്‌ലാമാബാദ്: പാക്കിസ്താൻ പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ഏറ്റുപറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. റാവല്‍പിണ്ടിയുടെ മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ലിയാഖത്ത് അലി ചാത്തയാണ് രാജി വെച്ചത്.

പാകിസ്താനില്‍ ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ചീഫ് ജസ്റ്റിസുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളെയെല്ലാം വിജയിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തെറ്റുകളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും ചീഫ് ജസ്റ്റിസിനുമാണ് ഇതിന്റെ പൂര്‍ണ പങ്ക്. എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ രാജിവെക്കുന്നു. രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയത് തന്റെ ഉറക്കം കെടുത്തി. തെറ്റ് ചെയ്തതിന് താനുള്‍പ്പടെ അതില്‍ പങ്കാളിയായ എല്ലാവരും ശിക്ഷിക്കപ്പെടണം. എനിക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചു. എന്നാല്‍ സത്യങ്ങളെല്ലാം പൊതുജനങ്ങള്‍ അറിയട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു, ലിയാഖത്ത് അലി പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒരു തെറ്റിനും നിന്നു കൊടുക്കരുതെന്നും എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലിയാഖത്ത് അലി ആരോപിച്ച കുറ്റങ്ങളെല്ലാം തെറ്റാണെന്ന് അവകാശപ്പെട്ട് പാക്കിസ്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പത്രക്കുറിപ്പിറക്കി. റാവല്‍പിണ്ടി കമീഷണറുടെ ആരോപണങ്ങളെല്ലാം ശക്തമായി തള്ളിക്കളയുന്നു. തെരഞ്ഞെടുപ്പ് ഫലം തിരുത്താന്‍ ഒരു ഉദ്യോഗസ്ഥനും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കമീഷൻ പത്രക്കുറിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് സമരം തുടരാനിരിക്കെയാണ് രാജി പ്രഖ്യാപവുമായി ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. പി.ടി.ഐക്ക് പുറമേ ജംഇയത്ത്-ഇ-ഇസ്‌ലാം-ഫസല്‍, ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് തുടങ്ങിയ സംഘടനകളും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് പരാതിപ്പെട്ടിട്ടുണ്ട്.

266 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് 113 സീറ്റുകളാണ് പി.ടി.ഐ നേടിയത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ പ്രതിപക്ഷത്തിരിക്കാനാണ് പി.ടി.ഐ തീരുമാനിച്ചത്. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലീം ലീഗിന് 75 സീറ്റും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന സഖ്യ സര്‍ക്കാര്‍ ആയിരിക്കും പാകിസ്താനില്‍ അധികാരത്തിലെത്തുക.

Contant Highlight: Pakistan Poll Official Resigns, Accepts “Wrongdoing” In Elections