കൊതിപ്പിച്ച് കടന്നുകളഞ്ഞു; നൂറ്റാണ്ടിന്റെ അട്ടിമറിക്ക് നില്‍ക്കാതെ നെതര്‍ലന്‍ഡ്‌സ്
icc world cup
കൊതിപ്പിച്ച് കടന്നുകളഞ്ഞു; നൂറ്റാണ്ടിന്റെ അട്ടിമറിക്ക് നില്‍ക്കാതെ നെതര്‍ലന്‍ഡ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th October 2023, 7:44 am

ഐ.സി.സി ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിച്ച് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്ത്രാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 81 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ 12 റണ്‍സിനും ഇമാം ഉള്‍ ഹഖ് 15 റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കൂട്ടത്തില്‍ ഏറ്റവും നിരാശപ്പെടുത്തിയത്. 18 പന്ത് നേരിട്ട് ഒരു ബൗണ്ടറി പോലുമില്ലാതെ അഞ്ച് റണ്‍സ് മാത്രം നേടിയാണ് ബാബര്‍ മടങ്ങിയത്.

വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് പ്രതീക്ഷിച്ച പാകിസ്ഥാനെ സൗദി ഷക്കീലും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഷക്കീല്‍ 52 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ റിസ്വാന്‍ 75 പന്തില്‍ 68 റണ്‍സും നേടി.

മുഹമ്മദ് നവാസ് (43 പന്തില്‍ 39), ഷദാബ് ഖാന്‍ (34 പന്തില്‍ 32) എന്നിവരും പാക് സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ഒടുവില്‍ 49 ഓവറില്‍ ഗ്രീന്‍ ആര്‍മി 286 റണ്‍സിന് പുറത്തായി.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റും നേടി. ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്, പോള്‍ വാന്‍ മീകെരന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് അട്ടിമറി വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അതിന് സാധിക്കാതെ പരാജയപ്പെടുകയായിരുന്നു. ഓപ്പണര്‍ മാക്‌സ് ഓ ഡൗഡിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഓപ്പണര്‍ വിക്രംജീത് സിങ് തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റായി അക്കര്‍മാനെ നഷ്ടമായെങ്കിലും മറുവശത്ത് വിക്രംജീത് ഉറച്ചുനിന്നു.

മൂന്നാം വിക്കറ്റില്‍ ബാസ് ഡി ലീഡിനൊപ്പം ചേര്‍ന്ന് വീക്രംജീത് ഡച്ച് സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. ഇരുവരും ക്രീസില്‍ തുടര്‍ന്നാല്‍ പാകിസ്ഥാന്‍ പരാജയപ്പെടുമെന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു.

എന്നാല്‍ ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ വിക്രംജീതിനെ പുറത്താക്കി ഷദാബ് ഖാന്‍ പാകിസ്ഥാന് ബ്രേക് ത്രൂ നല്‍കി. സിങ്ങിനെ നഷ്ടമായെങ്കിലും ലീഡ് അടി തുടര്‍ന്നു. 68 പന്തില്‍ 67 റണ്‍സാണ് ലീഡ് നേടിയത്.

എന്നാല്‍ ലീഡിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ഡച്ച് പട വിറച്ചു. 28 പന്തില്‍ 28 റണ്‍സ് നേടിയ ലോഗന്‍ വാന്‍ ബീക്കാണ് ഡച്ച് നിരയിലെ മൂന്നാമത് മികച്ച റണ്‍ സ്‌കോറര്‍.

ഒടുവില്‍ 41 ഓവറില്‍ 205 റണ്‍സിന് അവസാന വിക്കറ്റും നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സ് 81 റണ്‍സിന്റെ പരാജയം സമ്മതിച്ചു.


പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ അലി രണ്ട് വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഒക്ടോബര്‍ ഒമ്പതിനാണ് നെതര്‍ലന്‍ഡ്‌സിന്റെ അടുത്ത മത്സരം. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ചൊവ്വാഴ്ചയാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്കയാണ് എതിരാളികള്‍.

 

Content highlight: Pakistan defeated Netherlands