Sports News
'അട്ടിമറിക്കാന്‍ വന്നതാ, പെട്ടിയിലായി'; കണ്ണടച്ചുതുറക്കും മുമ്പേ ഓള്‍ ഔട്ട്; നാണംകെട്ട് അഫ്ഗാന്‍
അഫ്ഗാനിസ്ഥാനെതിരെയുള്ള ബൈലാറ്ററല്‍ സീരീസിലെ ആദ്യ മത്സരത്തില്‍ 142 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടി പാകിസ്ഥാന്‍. 202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനെ വെറും 59 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്.
തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ പാകിസ്ഥാന്‍ എതിരാളികള്‍ക്ക് മത്സരത്തിന്റെ ഒരു നിമിഷം പോലും അപ്പര്‍ഹാന്‍ഡ് നല്‍കിയിരുന്നില്ല. അഫ്ഗാന്‍ നിരയിലെ നാല് പേര്‍ ഡക്കായി പുറത്തായപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 47 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മത്തുള്ള ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.
ഇബ്രാഹീം സദ്രാനെ പുറത്താക്കി ഷഹീന്‍ അഫ്രിദിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മൂന്നാം ഓവറിലെ നാലാം പന്തില്‍ സദ്രാനെ പുറത്താക്കിയ ഷഹീന്‍ തൊട്ടടുത്ത പന്തില്‍ റഹ്‌മത് ഷായെയും പുറത്താക്കി. ഇരുവരും ആഘ സല്‍മാന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
തൊട്ടടുത്ത ഓവറില്‍ നസീം ഷായും ഞെട്ടിച്ചു. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയെ ബ്രോണ്‍സ് ഡക്കാക്കിയാണ് താരം പുറത്താക്കിയത്. തകര്‍പ്പന്‍ ക്യാച്ചിലൂടെ ഷദാബ് ഖാനാണ് ഷാഹിദിയെ പവലിയനിലേക്ക് മടക്കിയയച്ചത്.
ഷഹീനും ഷായും തുടങ്ങിവെച്ചത് ഹാരിസ് റൗഫും ഏറ്റെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ അഞ്ച് വിക്കറ്റാണ് പാക് സ്പീഡ്സ്റ്റര്‍ പിഴുതെറിഞ്ഞത്. 6.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവരെയാണ് റൗഫ് മടക്കിയത്.
ഇതിനിടെ 12 പന്തില്‍ 16 റണ്‍സ് നേടിയ അസ്മത്തുള്ള ഒമറാസി റിട്ടയര്‍ഡ് ഔട്ടായും പുറത്തായിരുന്നു.
ഒരു ഓവര്‍ എറിഞ്ഞ് റണ്‍സൊന്നും വഴങ്ങാതെ ഷാദാബ് ഖാനും ഒരു വിക്കറ്റ് നേടിയപ്പോള്‍ അഫ്ഗാന്റെ പതനം പൂര്‍ത്തിയായി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ 1-0ന്റെ ലീഡ് നേടുകയും ചെയ്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഫഖര്‍ സമാനെ രണ്ട് റണ്‍സിന് നഷ്ടമായ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പൂജ്യത്തിനും നഷ്ടമായിരുന്നു.
എന്നാല്‍ ഓപ്പണറായി ക്രീസിലെത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇമാം ഉള്‍ ഹഖ് പാകിസ്ഥാനെ താങ്ങി നിര്‍ത്തുകയായിരുന്നു. 94 പന്തില്‍ നിന്നും രണ്ട് ഫോര്‍ മാത്രം അടിച്ച് 61 റണ്‍സാണ് താരം നേടിയത്.
ഇമാമിന് പുറമെ ഇഫ്തിഖര്‍ അഹമ്മദ് (41 പന്തില്‍ 30), ഷദാബ് ഖാന്‍ (50 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ കരകയറ്റിയത്. ഒടുവില്‍ 47.1 ഓവറില്‍ 201 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഫസലാഖ് ഫാറൂഖി, റഹ്‌മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: Pakistan all out Afghanistan for 59 runs