Film News
അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥ; പടവെട്ടിന്റെ റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 24, 12:30 pm
Tuesday, 24th May 2022, 6:00 pm

നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിവിന്‍ പോളി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥ,’ എന്നാണ് റിലീസ് ഡേറ്റ് പങ്കുവെച്ച് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമായിരുന്നു പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. അദിതി ബാലനാണ് ചിത്രത്തിലെ നായിക.

സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ഒരു സുപ്രധാനവേഷത്തില്‍ മഞ്ജു വാര്യരുമുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Content Highlight: padavett movie release date out starring nivin pauly