ഇതില്‍ ഏതാ ഒറിജിനല്‍ ഏഷ്യാനെറ്റേ? എല്ലാം സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ചോളും; മുന്‍ വീഡിയോ റിപ്പോര്‍ട്ടുമായി പി.വി. അന്‍വര്‍
Kerala News
ഇതില്‍ ഏതാ ഒറിജിനല്‍ ഏഷ്യാനെറ്റേ? എല്ലാം സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ചോളും; മുന്‍ വീഡിയോ റിപ്പോര്‍ട്ടുമായി പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th March 2023, 9:06 am

താനൂര്‍: ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ പരമ്പരയില്‍ വ്യാജമായ അഭിമുഖം ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള പരാതി അന്വേഷിച്ച് വരികയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.

പി.വി. അന്‍വറിന്റെ ചോദ്യങ്ങളെ തുടര്‍ന്നായിരുന്നു ‘നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന പേരില്‍ ഏഷ്യാനെറ്റ് നേരത്തെ സംപ്രേഷണം ചെയ്ത അന്വേഷണ പരമ്പര നിയമസഭയില്‍ ചര്‍ച്ചയായത്.

പരമ്പരയില്‍ കണ്ണൂര്‍ സ്വദേശി എന്ന് അവകാശപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീഡിയോ ഉണ്ടായിരുന്നു. ലഹരി ഉപയോഗത്തെയും സഹപാഠി ലൈംഗികമായി ഉപദ്രവിച്ചതിനെയും കുറിച്ച് വെളിപ്പെടുത്തുന്നുവെന്നായിരുന്നു ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മുഖമോ മറ്റ് ഐഡിന്റിറ്റിയോ വെളിപ്പെടുത്താത്ത വിധമായിരുന്നു ഈ വീഡിയോ അഭിമുഖം.

എന്നാല്‍ ഇത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ചെയ്ത റിപ്പോര്‍ട്ടിലെ ഓഡിയോയും മറ്റും എഡിറ്റ് ചെയ്ത് തയ്യാറാക്കിയത് ആണെന്നാണ് പി.വി അന്‍വര്‍ ഇരു റിപ്പോര്‍ട്ടുകളുടെയും വീഡിയോ പുറത്തുവിട്ട് സമര്‍ത്ഥിക്കുന്നത്.

‘അങ്ങനെ സ്വന്തമായി അന്വേഷണം നടത്തി ആരും വിധി ഒന്നും പ്രഖ്യാപിക്കേണ്ട. നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അവര്‍ കൃത്യമായിട്ട് അന്വേഷിച്ചോളും. അതൊക്കെ അവിടെ നില്‍ക്കട്ടേ.. ഇതില്‍ ഏതാപ്പോ ഒറിജിനല്‍? അതൊന്ന് പറ ഏഷ്യാനെറ്റേ.. കേള്‍ക്കട്ടേ.. എന്നിട്ട് ജനങ്ങള്‍ വിലയിരുത്തട്ടേ.,’ എന്ന കുറിപ്പോടെയാണ് ഇരു വീഡിയോകളും അന്‍വര്‍ പങ്കുവെച്ചിരിക്കുന്നത്.

2022 ഓഗസ്റ്റ് 10ന് ഏഷ്യാനെറ്റിലെ മറ്റൊരു റിപ്പോര്‍ട്ടറായ സാനിയോ മനോമി ചെയ്ത റിപ്പോര്‍ട്ടില്‍ കുട്ടി പറയുന്ന അതേ കാര്യങ്ങളാണ് ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന നൗഫല്‍ ബിന്‍ യൂസുഫ് ചെയ്ത റിപ്പോര്‍ട്ടിലുമുള്ളത്. 2022 നവംബര്‍ നാലിനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇരു വീഡിയോയിലും ഇരയായ കുട്ടിയുടെ ഓഡിയോയിലെ വാചകങ്ങള്‍ സമാനമാണ്. ശബ്ദത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്. പോക്‌സോ കേസായതിനാല്‍ ശബ്ദത്തില്‍ വ്യത്യാസം വരുത്തിയിരിക്കുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ എഴുതി കാണിക്കുന്നുമുണ്ട്.

2022 ജൂലൈ 28ന് കേസിനാസ്പദമായ പരാതി ലഭിച്ച ശേഷം മറ്റ് മാധ്യമങ്ങളും ഈ കുട്ടിയുടെ വീഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച നാല് ചോദ്യങ്ങളും മുഖ്യമന്ത്രി നല്‍കിയ മറുപടിയും

ഈ കേസിലെ കുട്ടിയെയാണ് താന്‍ അഭിമുഖം നടത്തിയത് എന്നാണ് മാര്‍ച്ച് മൂന്നിന് പുറത്തുവിട്ട വിശദീകരണ വീഡിയോയിലും നൗഫല്‍ ബിന്‍ യൂസുഫ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത സംഭവമാണെന്ന് പറയുന്നില്ല.

‘ഈ കുട്ടി അന്ന് മാതാപിതാക്കളോടൊപ്പം ഞങ്ങളുടെ അടുത്തെത്തി നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന നല്ല ഉദ്ദേശ്യത്തിലായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ പുറംലോകത്തോട് പറയാന്‍ തയ്യാറായത്,’ എന്നാണ് വിശദീകരണ വീഡിയോയിലും നൗഫല്‍ ബിന്‍ യൂസുഫ് പറയുന്നു.

അതേസമയം, യഥാര്‍ത്ഥ ഇരക്ക് പകരം കോഴിക്കോടുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അഭിനയിപ്പിച്ചാണ് നൗഫല്‍ വീഡിയോ തയ്യാറാക്കിയത് എന്നാണ് ഉയരുന്ന ആരോപണം. കണ്ണൂര്‍ സിറ്റി പൊലീസിന്റെ അന്വേഷണത്തില്‍ ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടും വാദങ്ങളുമെല്ലാം വ്യാജമാണെന്നാണ് പി.വി. അന്‍വറടക്കമുള്ളവര്‍ പറയുന്നത്. ‘ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ആണ്‍കുട്ടിയെ പരിചയപ്പെടുകയും അയാള്‍ നല്‍കുന്ന എം.ഡി.എം.എ ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് എട്ടിലും ഒമ്പതിലും പഠിക്കുമ്പോള്‍ കാരിയറായി ബെംഗളൂരു വരെ പോകുന്നു.

തന്നെ പോലെ പത്തിലേറെ കുട്ടികള്‍ ഈ ട്രാപ്പില്‍ പെട്ടിട്ടുണ്ട് എന്നിങ്ങനെയാണ് ആ സ്റ്റോറി. കോമണ്‍ സെന്‍സുള്ള ആര്‍ക്കും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നില്ലേ, അങ്ങനെ എനിക്കും തോന്നിയതുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്.

ആ അന്വേഷണത്തിലാണ് ഇത് മുഴുവനായും ഏഷ്യാനെറ്റ് കെട്ടിച്ചമച്ചതാണെന്ന് മനസിലായത്. ഏഷ്യാനെറ്റിലെ ഒരു സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന ചില വിവരങ്ങള്‍ കിട്ടിയപ്പോഴാണ് ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഏതാണ്ട് ശരിയാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്,’ കഴിഞ്ഞ ദിവസം ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞു.

Content Highlight: P V Anvar MLA shares old report by Asianet News and rises claims against the channel