നിലമ്പൂരില്‍ നിന്ന് വയനാട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല; ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചത് ശ്രേയാംസ് കുമാറിനെ ഓര്‍മ്മിപ്പിച്ച് പി.വി. അന്‍വര്‍
Kerala News
നിലമ്പൂരില്‍ നിന്ന് വയനാട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല; ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചത് ശ്രേയാംസ് കുമാറിനെ ഓര്‍മ്മിപ്പിച്ച് പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th August 2021, 9:36 am

നിലമ്പൂര്‍: മാതൃഭൂമി ചാനലിനും മാനേജിംഗ് എഡിറ്ററും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ് കുമാറിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. മാതൃഭൂമി തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് പി.വി. അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.

മാതൃഭൂമിയുടെയോ ശ്രേയാംസ് കുമാറിന്റെയോ പേരെടുത്ത് പറയാത്ത കുറിപ്പില്‍ നേരത്തെ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന് ഒടുവില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കണമെന്നാണ് അന്‍വര്‍ പറയുന്നത്. നിലമ്പൂരില്‍ നിന്നും വയനാട്ടിലേക്ക് വലിയ ദൂരമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ചാനല്‍ പരമ്പരകളായി എനിക്കെതിരെ വാര്‍ത്തകള്‍ ചെയ്തിരുന്നു. അവരുടെ സ്വന്തം മുതലാളി ചെയര്‍മാനായുള്ള ബിസിനസ് ഗ്രൂപ്പ് ഇതേ സമയത്ത് തന്നെ കുമരകത്ത് സര്‍ക്കാര്‍ വക 7.5 സെന്റ് ഭൂമി കൈയ്യേറി സ്വന്തമാക്കി അതില്‍ റിസോര്‍ട്ട് ആരംഭിച്ചിരുന്നു.

ഈ വിഷയം പുറത്തായതോടെ ആരൊക്കെയോ കയ്യേറ്റഭൂമിയിലെ നിര്‍മ്മാണങ്ങള്‍ അടിച്ചു തകര്‍ത്തു. ഗതികെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ജഡ്ജിക്ക് സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ കുറിച്ച് അന്ന് ചര്‍ച്ച ചെയ്യേണ്ടതായും വന്നു.

വെറുതെ ചിലരെ ഒന്ന് ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം. നിലമ്പൂരില്‍ നിന്ന് വയനാട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല.ചൂണ്ടയും കൊണ്ട് വെറുതെ ഒന്നിറങ്ങിയാല്‍ ഒരു നേരത്തേക്കുള്ള ചെറിയ മീനുകളെയെങ്കിലും കിട്ടാതിരിക്കില്ല. ഉറപ്പ്,’ ഇതാണ് അന്‍വറിന്റെ കുറിപ്പിലെ വാക്കുകള്‍.

നിലമ്പൂര്‍ എം.എല്‍.എയെ കാണാനില്ലെന്ന രീതിയില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്തയും അതിനോട് പി.വി. അന്‍വര്‍ നടത്തിയ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മുങ്ങിയത് ഞാനല്ല, നിന്റെ തന്തയാണ് എന്നായിരുന്നു അന്‍വര്‍ ഫേസ്ബുക്കിലൂടെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചിരുന്നത്.

‘ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്. ‘ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം. അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി. അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം.എല്‍.എ ആയത്. മുങ്ങിയത് ഞാനല്ല. നിന്റെ തന്തയാണ്,’ എന്നായിരുന്നു ആഗസ്റ്റ് 20 നെഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അന്‍വര്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ കുറിച്ചുള്ള മാതൃഭൂമിയുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. അന്‍വര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നും മാതൃഭൂമി ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.

‘പ്രിയപ്പെട്ട മാറൂമി, ദയവായി ഇനി കുരുക്ക് മുറുക്കരുത്, എന്നെ തടവിലാക്കരുത്. മാറൂമിയാണല്ലോ ഇവിടുത്തെ കോടതി. ഒന്ന് പോയേടോ,’ എന്നായിരുന്നു ചാനല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടുള്ള അന്‍വറിന്റെ പോസ്റ്റ്.

‘മാറൂമി ബ്രേക്കിംഗ് ന്യൂസ് കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന സിയറ ലിയോണിലെ എന്റെ സ്റ്റാഫുകളായ കോണ്ടയും മൊഹമ്മദും,’ എന്ന മറ്റൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

അന്‍വറിനെതിരെയുള്ള മാതൃഭൂമി റിപ്പോര്‍ട്ടുകളും തുടര്‍ന്ന് നടക്കുന്ന വിവാദങ്ങളും ശ്രേയാംസ് കുമാര്‍ – പി.വി. അന്‍വര്‍ തര്‍ക്കത്തിലേക്ക് വഴി മാറിയാല്‍ അത് എല്‍.ഡി.എഫ് മുന്നണിക്ക് തലവേദനയാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന വിലയിരുത്തലുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: P V Anvar MLA against Mathrubhumi and MV Shreyams Kumar