ഉമ്മന്‍ചാണ്ടി നികുതി കൂട്ടിയത് 13 തവണ; ഒരിക്കല്‍ പോലും വര്‍ധിപ്പിക്കാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ ഒരു തവണ നികുതി കുറച്ചു: വിശദീകരണവുമായി പി. രാജീവ്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി മന്ത്രി പി. രാജീവ്.
കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും, പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്രതവണ കൂട്ടിയെന്ന് ഭരിക്കുന്നവര്‍ക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടിക്കൊണ്ടിരുന്നവരാണ് ഇപ്പോള്‍ കുറവുവരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴി കൂട്ടിയവര്‍ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവര്‍ കുറയ്ക്കുക എന്നതല്ല വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഉമ്മന്‍ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലര്‍ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വര്‍ധിപ്പിച്ച ഉമ്മന്‍ ചാണ്ടിയാണ് മൂന്ന് തവണ നികുതി കുറച്ചത്! എന്നാല്‍, ഒരു തവണ പോലും നികുതി വര്‍ധിപ്പിക്കാത്ത ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.
കേന്ദ്രം കുറയ്ക്കുമ്പോള്‍ മൊത്തം വിലയില്‍ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും,’ പി. രാജീവ് പറഞ്ഞു.
സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാല്‍ മതി. അതുതന്നെയാണ് നാടിന്റെ പൊതു ആവശ്യവും. കൂട്ടിയവര്‍ കൂട്ടിയത് മുഴുവന്‍ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനം നികുതി കുറയ്‌ക്കേണ്ടെ എന്ന് തന്നെയാണ് സി.പി.ഐ.എം നിലപാടും. ഇന്ധനത്തിന് മുകളിലെ സംസ്ഥാന വാറ്റ് കൂട്ടിയിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.
ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.