'എത്രനാള്‍ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം അദ്ദേഹത്തിന്റെ കൈവശമുണ്ട്'; വിചിത്രവാദങ്ങളുമായി സി.ബി.ഐ; ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി
national news
'എത്രനാള്‍ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം അദ്ദേഹത്തിന്റെ കൈവശമുണ്ട്'; വിചിത്രവാദങ്ങളുമായി സി.ബി.ഐ; ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 3:51 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദല്‍ഹി ഹൈക്കോടതിയാണ് ഇന്ന് ജാമ്യം നിഷേധിച്ചത്.

40 ദിവസം മുന്‍പാണ് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി അദ്ദേഹം തിഹാര്‍ ജയിലിലാണ്.

മുന്‍കൂര്‍ ജാമ്യത്തിനെതിരെ സി.ബി.ഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണു ഹാജരായത്. ജാമ്യത്തിലിറങ്ങിയാല്‍ ചിദംബരം രാജ്യം വിടുമെന്നും അദ്ദേഹത്തിനെതിരെയുള്ളത് ഗുരുതരമായ കുറ്റമാണെന്നും മേത്ത വാദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തിന് എത്രനാള്‍ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങളൊന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ അംഗീകരിച്ചില്ല. ചിദംബരം ഇതുവരെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ജാമ്യം നിഷേധിക്കുകയായിരുന്നു.

ഓഗസ്റ്റ് 21-നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചുമുതല്‍ അദ്ദേഹം തിഹാര്‍ ജയിലിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തതിന് ശേഷം ഇതേ ജയിലിലായിരുന്നു പാര്‍പ്പിച്ചത്.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്.