ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഞാന്‍ അബദ്ധവശാല്‍ പറഞ്ഞതല്ല; വീണ്ടും കടുത്ത വര്‍ഗീയത പറഞ്ഞ് പി.സി ജോര്‍ജ്
Kerala News
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഞാന്‍ അബദ്ധവശാല്‍ പറഞ്ഞതല്ല; വീണ്ടും കടുത്ത വര്‍ഗീയത പറഞ്ഞ് പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th April 2021, 12:46 pm

പൂഞ്ഞാര്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് താന്‍ പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് പി. അബ്ദുല്‍ മജീദ് ഫൈസിയുടെ വീഡിയോ പങ്കുവെച്ചാണ് പി.സി ജോര്‍ജിന്റെ വിശദീകരണം.

45 മിനിറ്റുള്ള പ്രസംഗം, 20 സെക്കന്റ് സംപ്രേഷണം ചെയ്ത് ‘ആരും പറയാന്‍ പാടില്ലാത്ത’ എന്തോ ഒന്ന് താന്‍ പറഞ്ഞെന്ന രീതിയിലാണ് വാര്‍ത്താ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.

’20 ശതമാനത്തില്‍ താഴെ വരുന്ന ജിഹാദികള്‍ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌കളങ്ക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്.
ഇത് ഇനി ആവര്‍ത്തിച്ചുകൂട’, അദ്ദേഹം പറഞ്ഞു.

വലിയ വിപത്തെന്തെന്ന് തന്റെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും തെരഞ്ഞെടുപ്പ് സമയത്തായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അതിനെ ഇവര്‍ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുമായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നേരത്തേ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന പി. സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായിരുന്നു. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജന്റെ വിവാദ പ്രസംഗം.

പി.സി ജോര്‍ജ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഞാന്‍ പറഞ്ഞത് അബദ്ധവാക്കോ, എനിക്ക് സംഭവിച്ച ഒരു പിഴവോ അല്ല.45 മിനിറ്റുള്ള പ്രസംഗം, 20 സെക്കന്റ് സംപ്രേഷണം ചെയ്ത് ‘ആരും പറയാന്‍ പാടില്ലാത്ത’ എന്തോ ഒന്ന് ഞാന്‍ പറഞ്ഞെന്ന രീതിയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് കണ്ടു, അതവരുടെ രാഷ്ട്രീയം.

പക്ഷെ വരാന്‍ പോകുന്ന വലിയ വിപത്തെന്തെന്ന് എന്റെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ കടമയാണ്.
തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഞാനിത് പറഞ്ഞിരുന്നതെങ്കില്‍ അതിനെ ഇവര്‍ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുമായിരുന്നു.

കഴിഞ്ഞ 40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഞാന്‍ നേരിടാത്ത വെല്ലുവിളികള്‍ ഒന്നും തന്നെയില്ല. ചില അപ്രിയ സത്യങ്ങള്‍ സമൂഹത്തോട് പറഞ്ഞത് വഴി ധാരാളം ആളുകള്‍ എന്നെ ശത്രുപക്ഷത്തു നിര്‍ത്തിയിട്ടുണ്ട്. അവയെ ഒന്നും തന്നെ ഞാന്‍ കാര്യമാക്കിയിട്ടുമില്ല.

എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നടന്നത് ഭീകരസഘടനകളുടേതടക്കം എനിക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പരസ്യവും, രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്.

കേരള സമൂഹം തെരഞ്ഞെടുപ്പുകാലത്ത് ആകെ അറിഞ്ഞത് ഈരാറ്റുപേട്ടയിലെ തേവരുപാറ എന്ന സ്ഥലത്ത് എനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാര്‍ത്ത മാത്രമാണ്. എന്നാല്‍ 179 ബൂത്തുകള്‍ ഉള്ള പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള ജിഹാദി പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള 26-ഓളം ബൂത്തുകളില്‍ എന്നെ അനുകൂലിക്കുന്നവര്‍ക്ക് നേരെ നടന്ന കൈയേറ്റ ശ്രമങ്ങളും, ഭീഷണികളും ലോകം അറിഞ്ഞില്ല.

ഞാന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്തെന്ന് ഈ നാളുകളില്‍ സ്വന്തം അനുഭവത്തിലൂടെ അറിയാവുന്ന ഒരു വലിയ സമൂഹം എന്നെ പിന്തുണച്ചപ്പോള്‍ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത് ജിഹാദികളെ പേടിച്ച് പോളിംഗ് ബൂത്തില്‍ പോയി സ്വതന്ത്രമായി വോട്ടവകാശം രേഖപ്പെടുത്തുവാന്‍ എന്നെ അനുകൂലിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് എന്റെ പൂഞ്ഞാര്‍ നിയോകജകമണ്ഡലത്തില്‍ കഴിയാതെ വന്ന കാര്യം പൊതുസമൂഹം അറിയണം.

20 ശതമാനത്തില്‍ താഴെ വരുന്ന ജിഹാദികള്‍ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌ക്കളക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്.
ഇത് ഇനി ആവര്‍ത്തിച്ചുകൂടാ.

ഇത് ചില പ്രവണതകളുടെ തുടക്കമാണ് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷ പ്രീണനം നടത്തി ഏതുവിധേനെയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങള്‍ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപ്പൂര്‍വമോ, അല്ലാതെയോ കാണാതെ പോകുന്നു.

ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പല നേതാക്കളും, മണിക്കൂറുകള്‍കൊണ്ട് നിലപാട് തിരുത്തുന്നത് സംഘടിതമായ ഈ ശക്തിയുടെ സമ്മര്‍ദ്ദം എന്താണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എസ്.ഡി.പി.ഐ നേതാവ് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതില്‍ 2031-ല്‍ ഞങ്ങള്‍ കേരളം ഭരിക്കുമെന്നും, 2047-ല്‍ ഞങ്ങള്‍ ഇന്ത്യ ഭരിക്കുമെന്നും പറയുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുമെന്ന് പറയുന്നത് ഒരു മതേതര പാര്‍ട്ടിയുടെ നേതാവല്ല മറിച്ച് ഒരു വര്‍ഗീയ ന്യൂനപക്ഷ സംഘടനയുടെ നേതാവാണ്. ഇതില്‍ നിന്നും നാം ഒന്നു മനസിലാക്കേണ്ടത് നമ്മുടെ രാജ്യത്ത് വരാന്‍ പോകുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകള്‍ അല്ല മറിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളുടെയും, ലഹളകളുടെയും അശാന്തിയുടെയും നാളുകള്‍ എന്നാണ്.

കഴിഞ്ഞ 7-8 വര്‍ഷത്തില്‍ യൂറോപ്പില്‍ നടന്ന കുടിയേറ്റങ്ങള്‍ക്ക് ശേഷം ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും, ആ രാജ്യങ്ങളിലെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനും സമാധാനമായി ജീവിച്ചിരുന്ന ജനതയെ ഭീതിയുടെ ദിനങ്ങളിലേക്ക് തള്ളിവിട്ടതും നാം കണ്ടതാണ്. ഫ്രാന്‍സ്, ബെല്‍ജിയം, സ്പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ആക്രമണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്.

ലോകമെമ്പാടും വര്‍ഗീയ വിഭജനങ്ങളും, വര്‍ഗീയ അധിനിവേശങ്ങളും ഉണ്ടായപ്പോള്‍ അവര്‍ക്കെല്ലാം അഭയം നല്‍കിയ നാടാണ് നമ്മുടെ ഭാരതം. യഹൂദന്മാര്‍ ലോകമെമ്പാടും പീഡിപ്പിക്കപ്പെട്ടപ്പോഴും, പേര്‍ഷ്യയില്‍ നിന്നും (ഇന്നത്തെ ഇറാന്‍) വര്‍ഗീയ അധിനിവേശത്തിന്റെ പേരില്‍ പലായനം ചെയ്ത റ്റാറ്റാ, ഫിറോസ് ഗാന്ധി (ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ്) എന്നിവരുടെ പൂര്‍വ്വികരായ പാഴ്സികള്‍ക്കും അഭയം നല്‍കിയ വലിയ പാരമ്പര്യമാണ് നമ്മുടെ ഭാരതത്തിനുള്ളത്.

1947-ല്‍ മതത്തിന്റെ പേരിലാണ് ഈ മഹാരാജ്യത്തെ വെട്ടിമുറിച്ചത്. അങ്ങനെ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അവിടെ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കള്‍ക്കും, സിഖുകാര്‍ക്കും, ക്രൈസ്തവര്‍ക്കും എന്ത് തരത്തിലുള്ള സംരക്ഷണമാണ് ലഭിച്ചത്, എന്തുകൊണ്ട് അവര്‍ കൂട്ടക്കൊലക്ക് ഇരയായി, എന്തുകൊണ്ട് അവര്‍ നാടുവിട്ട് ഇന്ത്യയിലേക്ക് വരേണ്ടി വന്നത് എന്നും നാം ആലോചിക്കേണ്ടതാണ്.

ഭാരതത്തിന്റെ മണ്ണില്‍ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ഈ രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന എല്ലാ മതേതര പാര്‍ട്ടികളും ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ടത് തന്നെയാണ്. എന്നെ വിമര്‍ശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാന്‍ എന്ന വാക്കിനര്‍ത്ഥം മനസ്സിലാക്കിയാല്‍ നന്ന്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P C George comes again with hate speech and repeats the demand for Hindu Rashtra