തിരുവനന്തപുരം: ഒരു പ്രദേശത്തെയും മോശമാക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
മുഖ്യമന്ത്രി അഭിമുഖം നല്‍കിയത് ഇംഗ്ലീഷ് ദിനപത്രത്തിനാണെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം തന്നെ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വിവാദങ്ങള്‍ ഒരു പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണ്. ഈ പൊളിറ്റിക്കല്‍ അജണ്ട കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിന് വേണ്ടിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും എല്‍.ഡി.എഫും എല്‍.ഡി.എഫ് ഭരിച്ച സര്‍ക്കാരുകളായാലും മലപ്പുറത്തിന്റെ വികസനത്തില്‍ വലിയ നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയുടെ പശ്ചാത്തല വികസന മേഖല എടുക്കുകയാണെങ്കില്‍ മലയോര ഹൈവേ ഉള്‍പ്പെടെയുള്ള മേഖല മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. തീരദേശ ഹൈവേകള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ മലപ്പുറത്തെ പല മേഖലകളിലെയും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 2016 മുതലാണ് ഈ മാറ്റങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ബി.ജെ.പിയോട് താത്പര്യമുള്ള ഒരു വ്യക്തിയാണ് മുഖ്യമന്ത്രി എന്ന നിലയിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നതെന്നും റിയാസ് പറഞ്ഞു. പക്ഷെ ബി.ജെ.പി വിരുദ്ധരായവര്‍ക്ക് മുഖ്യമന്ത്രിയെ അറിയാം. ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെട്ടിപ്പും തട്ടിപ്പും നടത്തി മുന്നോട്ടുപോകാതെ യു.ഡി.എഫിന് ഭാവിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആര്‍.എസ്.എസ് തലയ്ക്ക് വെട്ടി ഇനാം പ്രഖ്യാപിച്ച സഖാവാണ് പിണറായി വിജയനെന്നും ഇതിനെ തകര്‍ക്കാതെ യു.ഡി.എഫിന് മറ്റൊരു മാര്‍ഗവുമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ഇനിയും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയാണ് ഇതിനെല്ലാം യു.ഡി.എഫിനെ സഹായിക്കുന്നത്. യു.ഡി.എഫിന്റെ സ്ലീപ്പിങ് പാര്‍ട്ണറായിട്ടാണ് ജമാഅത്തെ ഇസ്മാലി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇ.എം.എസ് നയിച്ച സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയതെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്വാതന്ത്രസമര പോരാട്ടത്തില്‍ മലപ്പുറത്തെ ജനതയും വലിയ പങ്കുവഹിച്ചിരുന്നു.
ഈ പോരാട്ടത്തെ മാപ്പിള ലഹളയെന്ന് പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍ മലപ്പുറത്ത് നടന്നത് കര്‍ഷക സമരമാണെന്നും സ്വാതന്ത്രസമര പോരാട്ടമാണെന്നും ചൂണ്ടിക്കാട്ടി, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിയുടെ പേരും ഇ.എം.എസ് എന്നാണെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: P.A.Muhammad Riyas says Chief Minister has not reacted in such a way as to make any area worse