തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നടപടി എടുക്കുന്നത് വീണ്ടും നീട്ടി സി.പി.ഐ.എം. വിഷയം ഇന്നത്തെ സി.പി.ഐ.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യില്ല. ഈ മാസം 26 ന് ചേരുന്ന സംസ്ഥാന സമിതിയുടെ പരിഗണനയിലേക്ക് വിട്ടു. രാവിലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്.
ശബരിമല വിഷയം, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പി.കെ ശശി നയിക്കുന്ന മേഖല ജാഥ ഷൊര്‍ണൂരില്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി വൈകിപ്പിക്കുന്നത്. ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയിലും പുറത്തും വലിയ പ്രശ്നത്തിന് ഇടയാക്കുമെന്നും ഇപ്പോള്‍ നടപടി സ്വീകരിച്ചാല്‍ ജാഥ നടക്കുന്ന വേളയില്‍ രാഷ്ട്രീയ എതിരാളികള്‍ അത് ഉയര്‍ത്തിക്കാട്ടുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തുന്നു.
സംസ്ഥാന നിയമസഭ ചേരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. ശശി നയിക്കുന്ന ജാഥ 25 നാണ് സമാപിക്കുന്ന് സാഹചര്യത്തില്‍ 26 ന് ചേരുന്ന സംസ്ഥാന സമിതി യോഗം ശശി വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് തീരുമാനം.
അതേസമയം പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പാരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശിയുടെ വാദം. നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.