Advertisement
Bihar Election 2020
ഞങ്ങളുടെ പിഴവ്, ആര്‍.ജെ.ഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താനായില്ല; തോല്‍വി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 12, 07:14 am
Thursday, 12th November 2020, 12:44 pm

 

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. തങ്ങള്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാനാവുമായിരുന്നെന്നും തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

‘ആര്‍.ജെ.ഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അത്ര മികച്ചതായി തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. അവര്‍ മികച്ച പ്രകടനം തന്നെ നടത്തി. അവരെപ്പോലെ ഞങ്ങള്‍ക്കും സീറ്റുകള്‍ നേടാനായിരുന്നെങ്കില്‍ ബീഹാറില്‍ മഹാസഖ്യം അധികാരമേല്‍ക്കുമായിരുന്നു.
ബീഹാറികളും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒരു മാറ്റം അവര്‍ തീര്‍ച്ചയായും ആഗ്രഹിച്ചിരുന്നു.

ബീഹാറിലെ മുതിര്‍ന്ന നേതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥികളുമായും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമായും ചര്‍ച്ച നടത്തും. അതിന് ശേഷം ഒരു തീരുമാനത്തിലെത്തുകയും ആ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.

75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.

2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.

അതേസമയം ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും അഞ്ച് സീറ്റ് നേടി വലിയ നേട്ടമുണ്ടാക്കി. ബി.എസ്.പിക്ക് ഒരു സീറ്റാണ് ലഭിച്ചത്. എന്‍.ഡി.എ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വി.ഐ.പി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Our performance not as good as RJD, could’ve formed govt