കാര്‍ഗില്‍: തങ്ങള്‍ പോരാടുന്നത് ബി.ജെ.പിയോടും അവരുടെ പ്രത്യയശാസ്ത്രത്തോടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. കാര്‍ഗിലില്‍ പ്രാദേശിക നേതാക്കളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ പോരാട്ടം രാജ്യത്തിനെതിരല്ല. അത് ബി.ജെ.പിയോടും അവരുടെ പ്രത്യയശാസ്ത്രത്തോടുമാണ്. ബി.ജെ.പിയല്ല ഇന്ത്യ അതുപോലെ തന്നെ ഇന്ത്യയല്ല ബി.ജെ.പി,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുള്ളതെന്താണോ അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഒമര്‍ അബ്ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‌ലം വാനി, മുസഫര്‍ ഷാ, വഹീദ് പാര എന്നീ നേതാക്കളാണ് ലഡാക്കിലെ യൂണിയന്‍ ടെറിട്ടറി പ്രദേശമായ കാര്‍ഗിലെത്തിയത്. പീപ്പിള്‍സ് അലയന്‍സ് ഗുപ്കര്‍ ഡിക്ലറേഷന്‍ പ്രതിനിധികളാണ് ഇവര്‍.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിനിധി സംഘമാണിത്.
ഓഗസ്റ്റ് അഞ്ചിന് ശേഷം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം കാര്‍ഗിലിലെത്തിയത്. ഗുപ്കര്‍ അലയന്‍സിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ പിന്തുണയും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി ഏഴ് പ്രധാന പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സിന് രൂപം നല്‍കിയത്. അലയന്‍സിന്റെ ചെയര്‍മാനായി ഫാറൂഖ് അബ്ദുള്ളയെയും വൈസ് ചെയര്‍മാനായി മെഹബൂബ മുഫ്തിയെയും തെരഞ്ഞെടുത്തു.