കൊല്ലം: നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്ന് നീക്കിയത് ഭദ്രാസന അംഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്നും നിലവിലെ രാഷ്ട്രീയ ചർച്ചകളുമായി ബന്ധമില്ലെന്നും മലങ്കര ഓർത്തഡോക്സ് സഭ.
ഫാ. ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് ചുമതലകളിൽ നിന്ന് നീക്കിയെന്ന വാർത്തകളെ നിഷേധിച്ചുകൊണ്ടാണ് സഭയുടെ പ്രസ്താവന.
അതേസമയം സഭാസമിതികളിൽ പരാതി സമർപ്പിച്ച് പരിഹാരം കാണുന്നതിന് പകരം ചാനൽ ചർച്ചകളിൽ ഫാ. ഷൈജു കുര്യനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ഫാ. മാത്യു വാഴക്കുന്നത്തിനെതിരെയും സഭാ നേതൃത്വം വിമർശനം ഉന്നയിച്ചു.
ഫാ. മാത്യു തോമസിനോട് വിശദീകരണം ചോദിക്കുമെന്നും മലങ്കര സഭ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
സഭാ വിശ്വാസിയായ വീട്ടമ്മയോട് ഫാ. ഷൈജു കുര്യൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന മാത്യു വാഴക്കുന്നത്തിന്റെ പരാതിയിലാണ് ഭദ്രാസനം സെക്രട്ടറിക്കെതിരെ സഭ നടപടി സ്വീകരിച്ചത്. വീട്ടമ്മയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും ഫാ. മാത്യു സഭാ നേതൃത്വത്തിന് കൈമാറിയിരുന്നു.
ഭദ്രാസന കൗൺസിൽ ഒരു കമ്മീഷനെ നിയമിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷണം നടത്താൻ തീരുമാനിക്കുകയും അന്വേഷണ കാലാവധിയിൽ ഫാ. ഷൈജു കുര്യനെ ഭദ്രാസനത്തിന്റെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തുവാൻ തീരുമാനിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്ന് സഭ വ്യക്തമാക്കി.