സിനിമാ രംഗത്തെ ലിംഗവിവേചനം തടയാന്‍ സംഘടനകളും സര്‍ക്കാരും ഒരുമിച്ച് നില്‍ക്കണം: ഡബ്ല്യു.സി.സി
Kerala News
സിനിമാ രംഗത്തെ ലിംഗവിവേചനം തടയാന്‍ സംഘടനകളും സര്‍ക്കാരും ഒരുമിച്ച് നില്‍ക്കണം: ഡബ്ല്യു.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 5:43 pm

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഡബ്ല്യു.സി.സി. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലൂടെയാണ് പ്രതികരണം.

‘ഹേമ കമ്മിറ്റി പുറത്തുവന്നതിലൂടെ സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക്, അവര്‍ തൊഴില്‍ രംഗത്ത് നേരിട്ട ചൂഷണങ്ങള്‍ തിരിച്ചറിയാനും മൗനം വെടിഞ്ഞ് മനോധൈര്യത്തോടെ സംസാരിക്കാനും സാധിച്ചു.

തൊഴിലിടത്തെ ലൈംഗിക അതിക്രമങ്ങള്‍ പോലെ തന്നെ ഗൗരവമുള്ളതാണ് ലിംഗവിവേചനമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അതിനാല്‍ സിനിമാ രംഗത്തെ വിവേചനം ഇല്ലാതാക്കാന്‍ സുസ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തണം.

ഇതിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. അതിലൂടെ നമുക്ക് നമ്മുടെ തൊഴിലിടം പുനര്‍നിര്‍മിക്കാം,’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബോളിവുഡ്, കോളിവുഡ് മേഖലകളിലെ താരങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. സാമന്ത, ഗായിക ചിന്മയി എന്നിവര്‍ അതില്‍ ചിലരാണ്.

കാലങ്ങളായി താന്‍ ഡബ്ല്യു.സി.സി യുടെ പ്രവത്തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞ സാമന്ത ഹേമ കമ്മിറ്റിയിലൂടെ പല സത്യങ്ങളും പുറത്തുവരുമ്പോള്‍ ഡബ്ല്യു.സി.സിയോട്‌ താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രതികരിച്ചു. സുരക്ഷിതവും മാന്യവുമായ തൊഴിലിടം ഏറ്റവും അടിസ്ഥാന കാര്യമാണെന്നും എന്നാല്‍ അതിനുവേണ്ടി പോലും സംസാരിക്കേണ്ടി വന്നെന്നും എന്നാല്‍ അവരുടെ ശ്രമം പാഴായില്ലെന്നും നടി പറഞ്ഞു.

അതേസമയം കേരളത്തിലെ സ്ത്രീകളുടെ ഒത്തൊരുമ കണ്ട് തനിക്ക് അസൂയ തോന്നുന്നെന്നാണ് ഗായിക ചിന്മയി ശ്രീപദ പ്രതികരിച്ചത്.

ലൈംഗാകാതിക്രമത്തിനെതിരായ പോരാട്ടത്തില്‍ ലഭിക്കുന്ന ഈ പിന്തുണ കണ്ട് തനിക്ക് കേരളത്തില്‍ ജനിച്ചാല്‍ മതിയെന്ന് തോന്നിയെന്ന് പറഞ്ഞ ഗായിക തനിക്ക് തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന നിരാശയും ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പങ്കുവെച്ചു.

 

Content Highlight: Organizations and government must come together to stop gender discrimination in cinema: WCC