ചെന്നൈ: മനുഷ്യ ശരീരഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന റാക്കറ്റ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കണ്ടെത്തി. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ ഹൃദയമാണ് വന്‍ തോതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത്.
ഇത്തരത്തില്‍ മരണം സംഭവിച്ച രോഗികളുടെ ഹൃദയം ഇന്ത്യയില്‍ തന്നെ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ നല്‍കണം എന്ന നിയമം മറികടന്നാണ് റാക്കറ്റിന്റെ പ്രവര്‍ത്തനം. 2017ലെ കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ നിന്നും വിദേശികള്‍ക്ക് 25 ശതമാനം ഹൃദയവും 33 ശതമാനം ശ്വാസകോശവും മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ ചെന്നൈയില്‍ നിന്നുമാത്രം മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നുപേരുടെ ഹൃദയം വിദേശികള്‍ക്കു വേണ്ടി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പൊതുജനാരോഗ്യ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടുകയും വിദേശികള്‍ക്കു അവയവദാനവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
“ഇന്ത്യന്‍ ഹൃദയങ്ങള്‍ ഇന്ത്യന്‍ രോഗികള്‍ക്ക് അനിയോജ്യമാകുന്നില്ല. പകരം വിദേശ രോഗികള്‍ക്ക് അനിയോജ്യമാകുന്നുണ്ട്. ഇതെങ്ങനെയാണ് സാധ്യമാകുന്നത്. ഇത് ചൂണ്ടിക്കാട്ടുന്നത് ഒരേയൊരു വസ്തുതയാണ്. ഇന്ത്യയിലെ പണവും വിദേശ രാജ്യങ്ങളിലെ പണവും വ്യത്യസ്തമാണല്ലോ.
ALSO : അബദ്ധങ്ങളൊഴിയാത്ത ചോദ്യങ്ങളുമായി ഒ. രാജഗോപാല്‍; നേമം എം.എല്‍.എയുടെ നാല് ചോദ്യങ്ങള്‍
അങ്ങേയറ്റം ക്ഷമാപണത്തോടെയാണ് ഇത് എഴുതുന്നത്. വിദേശികള്‍ക്കു വേണ്ടി പാവപ്പെട്ട ഇന്ത്യക്കാരായ രോഗികള്‍ക്ക് ലഭിക്കേണ്ട സഹായത്തില്‍ ഞങ്ങള്‍ കൃത്രിമം കാണിക്കുകയാണ്”. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (എന്‍.ഒ.ടി.ടി.ഒ) ഡയറക്ടര്‍ പ്രൊ.വിമല്‍ ബന്‍ന്താരി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എഴുതിയ മേസേജാണിത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍.ഒ.ടി.ടി.ഒ. അവയവ-കോശ മാറ്റവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകൂടിയാണിത്.
കോര്‍പറേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന വിദേശ രോഗികള്‍ക്കാണ് ഹൃദയവും കോശവും നല്‍കുന്നതെന്നും ഇന്ത്യക്കാരായ ആവശ്യക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്കു നല്‍കാന്‍ പാടൊള്ളൂ എന്നും വിമല്‍ ബന്‍ന്താരി ദി ഹിന്ദു പത്രത്തോടു പറഞ്ഞു.