കോഴിക്കോട്: തെരഞ്ഞെടുപ്പ് വിധിയെ ഭരണമികവുമായി താരതമ്യം ചെയ്യുക സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനവിധി എല്ലാത്തിനുമുള്ള ക്ലിയറന്‍സോ ക്ലീന്‍ ചീറ്റോ അല്ല.
അങ്ങനെയാണെങ്കില്‍ മോദി രണ്ടാമതും കൂടുതല്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത് അദ്ദേഹം ചെയ്ത നല്ല കാര്യത്തിന്റെ ഭാഗമായിയെന്ന് അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വര്‍ണക്കടക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്റെ വാക്കുകള്‍ പ്രതിപക്ഷം അതേപടി വിഴുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പല അഭിമുഖങ്ങളും ശ്രദ്ധിച്ചു. സ്വപ്‌ന ഇപ്പോള്‍ സംസാരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഒളിച്ചുവെക്കുന്നുണ്ട്. ഇപ്പോള്‍ സ്വപ്‌നയുടെ ടാര്‍ഗറ്റ് ശിവശങ്കര്‍ മാത്രമാണ്. ശിവശങ്കറിനെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ദുര്‍ഗന്ധം വീണ്ടും പൊങ്ങിവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് കേസിലെ മുഴുവന്‍ ഇടപാടുകളും നടന്നതെന്ന് വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.