പാലിയേക്കര ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
Kerala
പാലിയേക്കര ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2013, 12:18 am

[]തിരുവന്തപുരം: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ടോള്‍ നിരക്ക് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടികളെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഉറപ്പ് മറികടന്നാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

അതിനിടെ ദേശീയ പാതയിലെ അറ്റകുറ്റ പണി തീരാതെ നിരക്ക് വര്‍ധനവ് ഉടനെ ഉണ്ടാവില്ലെന്നും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ കമ്പനി നിരക്ക് വര്‍ധിപ്പിച്ചത് ഏറെ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പി.സി ചാക്കോ എം.പിയുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ക്കൊടുവില്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, പി.സി ചാക്കോ എം.പി, എം.എല്‍.എമാരായ വി.ഡി ദേവസ്യ, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പം ടോള്‍ കമ്പനി അധികൃതരും യോഗത്തില്‍ പങ്കെടുത്തിരുന്നു.