കൊച്ചി: അഴിമതിയില്‍ മുങ്ങിത്തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലത്തിന് തന്റെ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് ഒ.എന്‍.വി കുറുപ്പിന്റെ രാജീവ് ഒ.എന്‍.വി. മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിനു അച്ഛന്റെ പേരിട്ടതു മാറ്റണമെന്നും രാജീവ് ഒ.എന്‍.വി പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞു മൂന്ന് വര്‍ഷത്തിനകം അറ്റകുറ്റപ്പണിക്കായി അടച്ചിടേണ്ടി വന്ന പാലാരിവട്ടം പാലത്തിന്റെ ദുരവസ്ഥയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ഒ.എന്‍.വിയുടെ മകന്‍ രംഗത്തെത്തിയത്.
മേല്‍പ്പാലം അടച്ചിടുന്നതോടെ ഇടപ്പള്ളി-കുണ്ടന്നൂര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്കിനുള്ള സാധ്യതയേറി. കുണ്ടന്നൂരിലെയും വൈറ്റിലയിലെയും മേല്‍പ്പാല നിര്‍മാണം മൂലം ഇപ്പോള്‍തന്നെ ഗതാഗതക്കുരുക്ക് ഇവിടെ സാധാരണമാണ്. കഴിഞ്ഞദിവസം മേല്‍പ്പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു.
അതേസമയം പാലാരിവട്ടം മേല്‍പ്പാലം പണിയിലെ ക്രമക്കേടില്‍ മുന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തി. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടച്ചുമതല റോഡ്സ് ആന്‍ഡ് ബ്രിജ്ജസ് കോര്‍പറേഷനായിരുന്നു. അവരാണ് വീഴ്ച വരുത്തിയത്. കണ്‍സള്‍ട്ടന്റായിരുന്ന കിറ്റോകോയും ഗുരുതരവീഴ്ച വരുത്തിയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.