Sports News
ഇങ്ങനെ തോറ്റത് വെറും രണ്ടേ രണ്ട് തവണ മാത്രം; രണ്ട് തവണയും താരമായത് ചക്രവര്‍ത്തി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 29, 05:51 am
Wednesday, 29th January 2025, 11:21 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് പിന്നാലെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ പരാജയം നേരിട്ടെങ്കിലും സൂപ്പര്‍ താരം വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവര്‍ പന്തെറിഞ്ഞ താരം അഞ്ച് വിക്കറ്റുമായി തിളങ്ങി. വെറും 24 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്, സൂപ്പര്‍ താരങ്ങളായ ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ മടക്കിയാണ് വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ടി-20 കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തായാക്കിയത്.

നേരത്തെ, വരുണ്‍ ചക്രവര്‍ത്തി തന്റെ ടി-20ഐ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയപ്പോഴും ഇന്ത്യ പരാജയം നേരിട്ടിരുന്നു. നേരത്തെ നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലാണ് വരുണ്‍ ചക്രവര്‍ത്തി ഫൈഫറുമായി തിളങ്ങിയിട്ടും ഇന്ത്യ പരാജപ്പെട്ടത്.

സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ലോ സ്‌കോറിങ് ത്രില്ലറില്‍ ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസ് 19 ഓവറില്‍ മറികടന്നു.

മത്സരത്തില്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ചക്രവര്‍ത്തി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. റീസ ഹെന്‍ഡ്രിക്‌സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍, ഹെന്‌റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാണ് ചക്രവര്‍ത്തി മടക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ബൗളര്‍ അഞ്ച് വിക്കറ്റ് നേടിയ മത്സരത്തില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഈ രണ്ട് തവണയും ഫൈഫര്‍ സ്വന്തമാക്കിയത് വരുണ്‍ ചക്രവര്‍ത്തി തന്നെയായിരുന്നു എന്നതാണ് ഇതിലെ ഹൈലൈറ്റ്.

തമിഴ്നാട് പ്രീമിയര്‍ ലീഗിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച് ഫോം വീണ്ടെടുത്താണ് ചക്രവര്‍ത്തി ഇന്ത്യന്‍ നിരയിലേക്ക് മടങ്ങിയെത്തിയത്. മികച്ച പ്രകടനങ്ങളുമായി താരം വീണ്ടും വീണ്ടും കയ്യടി നേടുകയാണ്.

ടി.എന്‍.പി.എല്ലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനായി പന്തെറിയുന്ന വരുണ്‍ ചക്രവര്‍ത്തി

വരും മത്സരങ്ങളിലും വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ നിരയില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും പരമ്പരയിലൊപ്പമെത്താന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ എം.സി.എയില്‍ തീ പാറുമെന്നുറപ്പാണ്.

 

Content highlight: Only twice, India lost a T20I match when an Indian bowler picked fifer