'നന്ദിയുണ്ട്, ഇനി ഒരു വര്‍ഷം കൂടിയല്ലെ ഉളളു': ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
union budget 2018
'നന്ദിയുണ്ട്, ഇനി ഒരു വര്‍ഷം കൂടിയല്ലെ ഉളളു': ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2018, 10:10 pm

ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറി നാല് വര്‍ഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഭാഗ്യവശാല്‍ ഇനിയൊരു വര്‍ഷം കൂടി മാത്രമാണല്ലോ ബാക്കിയുളളൂവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മോഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ആവശ്യത്തിന് തുകയില്ല. നാലു വര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് ന്യായ വില കിട്ടുന്നില്ലെന്നും യുവാക്കള്‍ക്ക് ജോലിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റാണ് കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്. ബജറ്റില്‍ മൊബൈല്‍ ഫോണുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിള്‍, ചെരുപ്പ്, പെര്‍ഫ്യൂമുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് ധനമന്ത്രി പറഞ്ഞു. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

ബീഡി, ജ്യൂസ്, വെജിറ്റബിള്‍ ഓയില്‍, മെഴുകുതിരി, വീഡിയോ ഗെയിം, കളിപ്പാട്ടങ്ങള്‍, വാച്ചുകള്‍, മെത്ത, ഡയമണ്ട് കല്ലുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയ്ക്കും വില കൂടും.

കാര്‍ഷിക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഒഴിച്ചാല്‍ കേരളത്തിന് ബജറ്റില്‍ ഒന്നുമില്ല.