തിരുവൊട്ടിയൂരിൽ ഓൺലൈൻ ഷെയർ തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ
India
തിരുവൊട്ടിയൂരിൽ ഓൺലൈൻ ഷെയർ തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 3:12 pm

ചെന്നൈ: തിരുവൊട്ടിയൂരിൽ ഓൺലൈൻ ഷെയർ തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ഉയർന്ന റിട്ടേൺ ഷെയറുകളിൽ നിക്ഷേപിക്കാമെന്ന് വാഗ്ദാനം നൽകി 1.19 കോടി രൂപ കൈപ്പറ്റി ദന്ത ഡോക്ടറെ കബളിപ്പിച്ചതിന് തിരുവൊട്ടിയൂരിൽ നിന്ന് രണ്ട് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

സതീഷ് കുമാർ, ആർ സതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 23.8 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും, പണം കൈമാറ്റം ചെയ്യാൻ ഉപയോഗിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ വനഗരം സ്വദേശിയായ ദന്തഡോക്ടർ സമൂഹ്യ മാധ്യമത്തിൽ ഒരു നിക്ഷേപ വ്യാപാര പരസ്യം കാണുകയും അവിടെ പറഞ്ഞിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരുകയും ചെയ്തിരുന്നു.

പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മാർച്ചിൽ ഡോക്ടറെ ഇവർ വാട്സാപ്പ് മുഖേന സമീപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ വിശ്വാസം നേടിയെടുത്തു. ഇതിനായി അംഗീകൃത ഓഹരി വിപണി ആപ്പാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനുള്ള ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യിച്ചു.

15,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ഇതിന് നാലിരട്ടി ലാഭം ലഭിച്ചതോടെ വിശ്വാസ്യത. തുടർന്ന് രണ്ടാഴ്ചയ്ക്കകം വൻ തുകകൾ അക്കൗണ്ടിലൂടെ കൈമാറി. 1.19 കോടി വരെ ഒരുമിച്ച് കൈമാറി. ഓഹരികൾ വാങ്ങാനെന്ന പേരിലും കമ്മിഷൻ, നികുതി, സർവീസ് ചാർജ് എന്നീ പേരിലും വിവിധ അക്കൗണ്ടുകളിലേക്ക് പണം വാങ്ങി.

വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും ലഭിച്ചു. ഇതനുസരിച്ച് പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്. തട്ടിപ്പ് മനസിലാക്കിയതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സി.ബി.ഐ ഉദ്യോഗസ്ഥൻ എന്ന് വ്യാജേനെ ഇരുമ്പുലിയൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് കേരളത്തിൽ നിന്നുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം ഉപയോഗിച്ച് വാങ്ങിയെന്ന് പറയുന്ന കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Content Highlight: online scame police arrested two for defrauding dentists of 1.19 cr