കോഴിക്കോട്: ചാള്‍സ് ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ അത് തെറ്റാണെന്നും പറഞ്ഞ കേന്ദ്രമന്ത്രിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓണ്‍ലൈന്‍ പരാതി. ചേഞ്ച് ഡോട്ട് ഓര്‍ഗ് (Change.org) മുഖേനെയാണ് ഓണ്‍ലൈന്‍ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തികച്ചും അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് മന്ത്രി കഴിഞ്ഞദിവസം നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ പരാതി വന്നിരിക്കുന്നത്. കോഴിക്കോട്ടു നിന്നുള്ള കെ.പി അരവിന്ദനാണ് ഓണ്‍ലൈന്‍ പരാതി തയ്യാറാക്കിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കണമെന്നും മാനവവിഭവശേഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പറഞ്ഞിരുന്നു. കുരങ്ങനില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പറയുന്നില്ല. ഭാരതീയ പുരാണങ്ങളിലോ വേദങ്ങളിലോ ഇക്കാര്യം പറയുന്നില്ല. ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി അവതരിക്കുകയായിരുന്നുവെന്നും പരിണാമങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഫോസിലുകള്‍ക്കു പുറമെ മോളിക്യുലാര്‍ ബയോളജി, അനാട്ടമി, ബയോജിയോഗ്രാഫി തുടങ്ങി നിരവധി പഠനമേഖലകളില്‍ നിന്ന് പരിണാമത്തിന് തെളിവുകള്‍ ഉള്ളപ്പോഴാണ് മന്ത്രി ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയത്.
കൂടുതല്‍ പേര്‍ ഒപ്പിടുമ്പോഴാണ് ഓണ്‍ലൈന്‍ പരാതികള്‍ അധികൃതര്‍ പരിഗണിക്കുക. കേന്ദ്രമന്ത്രിയ്‌ക്കെതിരായ പരാതി ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം.