കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനായ എം.സി കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ ഒരു കേസ് കൂടി. തൃക്കരിപ്പൂര്‍ സ്വദേശി ഫൈസലിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം. സി കമറുദ്ദീനെതിരെയുള്ള കേസുകളുടെ എണ്ണം 77 ആയി.
ഒരു കോടി രൂപയാണ് നിക്ഷേപിച്ചതെന്നും തനിക്ക് ഇത് നഷ്ടമായെന്നും ഫൈസല്‍ പരാതിയില്‍ പറഞ്ഞു.
അതേസമയം എം. സി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് കണ്ടെല്‍. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജന്റസ് വിഭാഗം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകളില്‍ നടത്തിയ റെയിഡില്‍ നിന്ന് കണ്ടെത്തിയത്.
പിഴയും പലിശയുമടക്കം ജി.എസ്.ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.
കഴിഞ്ഞ ദിവസം എം.എല്‍.എക്കെതിരെ ഒരു കേസ് കൂടി ചുമത്തിയിരുന്നു. നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഇവര്‍ 38 പവന്‍ സ്വര്‍ണമാണ് നിക്ഷേപിച്ചിരുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് എം.എല്‍.എ എം.സി കമറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മുസ്‌ലിം ലീഗ് നീക്കിയിരുന്നു. നിക്ഷേപകര്‍ക്ക് ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്നും കമറുദ്ദീനോട് ലീഗ് ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നങ്ങള്‍ കമറുദ്ദീന്‍ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാള്‍ ബിസിനസ് തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക