കോളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനെടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ വെടിയുതിര്‍ത്ത് ശ്രീലങ്കന്‍ പൊലീസ്. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രൂക്ഷമായ ഇന്ധനക്ഷാമമാണ് ജനങ്ങളെ തെരുവിലിറക്കിയത്. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും ജനങ്ങള്‍ പ്രയാസപ്പെടുകയാണ്.
പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ ടയറുകള്‍ കത്തിച്ച് തലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയും ചെയ്തു. രൂക്ഷമായ എണ്ണക്ഷാമത്തിലും ഉയര്‍ന്ന വിലയിലും പ്രതിഷേധിച്ചാണ് തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള മധ്യ ശ്രീലങ്കയിലെ റംബുക്കാനയില്‍ ജനങ്ങള്‍ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചത്. റംബുക്കന പൊലീസ് ഡിവിഷനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പൊലീസ് വക്താവ് അറിയിച്ചു.
ജനക്കൂട്ടം അക്രമാസക്തരാകുകയും കല്ലെറിയുകയും ചെയ്തതിനാലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം. മധ്യ ശ്രീലങ്കന്‍ നഗരമായ കാന്‍ഡി മുതല്‍ തലസ്ഥാനമായ കൊളംബോ വരെ പ്രതിഷേധം നടക്കുന്നുണ്ട്.