കോട്ടയം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന.
ലതിക സുഭാഷിനെ പിന്തുണച്ച് കൊണ്ട് ഒ.ഐ.ഒ.പിയുടെ പേരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’, എന്ന ലതികാ സുഭാഷിന്റെ മുദ്രാവാക്യത്തോടൊപ്പമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒ.ഐ.ഒ.പി രംഗത്തെത്തിയത്.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്ന് ഒ.ഐ.ഒ.പി ഫൗണ്ടര്‍ ബിബിന്‍ ചാക്കോ പറഞ്ഞിരുന്നു. 60 വയസ് തികഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക എന്നതാണ് വണ്‍ ‘ഇന്ത്യ വണ്‍ പെന്‍ഷന്‍’ എന്ന സംഘടന മുന്നോട്ട് വെയ്ക്കുന്നത്.
ഇവരുടെ ഫേസ്ബുക്ക് പേജിന്റെ ബയോയില്‍ പറയുന്നത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരാകട്ടെ, തൊഴിലെടുക്കാത്തവരാകട്ടെ, സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, രാജ്യത്തെ എല്ലാവര്‍ക്കും ഒരു പെന്‍ഷന്‍ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
നേരത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക