ദുബായ്: ഏകദിന ക്രിക്കറ്റിന് ഇന്ന് 50 വയസ്. 1971 ല്‍ ഇതുപോലൊരു ജനുവരി അഞ്ചിനാണ് ചരിത്രത്തിലെ ആദ്യ ഏകദിന മത്സരം അരങ്ങേറിയത്.
മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം. ആസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ ടെസ്റ്റ് മത്സരത്തിന് നിര്‍ത്താതെ പെയ്ത മഴ വില്ലനായതോടെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് പിറന്നത്.
40 ഓവര്‍ വീതമായിരുന്നു മത്സരം. ആദ്യ ഏകദിനത്തില്‍ ആസ്‌ട്രേലിയയ്ക്കായിരുന്നു ജയം. 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതുവരെ 4267 മത്സരങ്ങള്‍ നടന്നു.
പുരുഷ ക്രിക്കറ്റില്‍ 990 മത്സരങ്ങള്‍ കളിച്ച ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച ടീം. 579 മത്സരങ്ങള്‍ ജയിച്ച ആസ്‌ട്രേലിയയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ജയങ്ങളുടെ റെക്കോഡ്.
2018ല്‍ ആസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 481 റണ്‍സാണ് ഉയര്‍ന്ന ടീം സ്‌കോര്‍. 230 മത്സരങ്ങങ്ങളില്‍ ആസ്‌ട്രേലിയയെ നയിച്ച റിക്കി പോണ്ടിംഗാണ് കൂടുതല്‍ മത്സരങ്ങളില്‍ നായകനായതിന്റെ റെക്കോഡ്.
ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഏകദിനത്തിലെ പ്രധാന ടൂര്‍ണ്ണമെന്റുകള്‍. അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ ആസ്‌ട്രേലിയയുടെ പേരിലാണ് ലോകകപ്പ് റെക്കോര്‍ഡ്.
രണ്ട് വീതം ലോകകപ്പുകളില്‍ വിന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡും ആസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗും ടീമിനെ നയിച്ച് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യയുടേയും ആസ്‌ട്രേലിയയുടേയും പേരിലാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയതിന്റെ റെക്കോഡ്.
രോഹിത് ശര്‍മ (264)യുടെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. എട്ട് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റെടുത്ത ചാമിന്ദ വാസിന്റെ പേരിലാണ് മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കോഡ്.
463 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏകദിനത്തിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോര്‍ഡുകളും. ഏറ്റവും കൂടുതല്‍ റണ്‍സ് (18426), ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി, ഏറ്റവും കൂടുതല്‍ സെഞ്ച്വറി (51), അര്‍ധസെഞ്ച്വറി (96), മാന്‍ ഓഫ് ദി മാച്ച് (62), കൂടുതല്‍ ഫോര്‍ (2016), ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (ആറ്), റണ്‍സ് (2278) എന്നിങ്ങനെ ഒരുപിടി റെക്കോഡുകളാണ് സച്ചിന്റെ പേരില്‍ ഏകദിനത്തിലുള്ളത്.
534 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍. 13 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വഖാര്‍ യൂനിസിന്റെ പേരിലാണ് ഈയിനത്തിലെ റെക്കോഡ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്താണ് (71). മൂന്ന് തവണ ലോകകപ്പില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് ഈയിനത്തിലെ റെക്കോഡ്.
വനിതാ ഏകദിന ക്രിക്കറ്റില്‍ മിതാലി രാജാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് (6720). 13 സെഞ്ച്വറി നേടിയ മെഗ് ലാനിംഗാണ് ഈയിനത്തില്‍ മുന്‍പില്‍. 59 അര്‍ധസെഞ്ച്വറി നേടിയ മിതാലിയ്ക്കാണ് ഈയിനത്തിലെ റെക്കോഡ്.
ജൂലന്‍ ഗോസ്വാമിയുടെ പേരിലാണ് കൂടുതല്‍ വിക്കറ്റ് (218). നാല് റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റെടുത്ത സാജിദ ഷായുടെ പേരിലാണ് മികച്ച ബൗളിംഗ് പ്രകടനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക