മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന് പകരം കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സുപ്രീം കോടതിക്ക് പ്രഖ്യാപിക്കേണ്ടി വന്നത് ലജ്ജാകരമാണെന്ന് ജമ്മു കശമീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. മുംബൈയില്‍ നടന്ന ഐഡിയാസ് ഓഫ് ഇന്ത്യ എന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബറില്‍ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ചെന്നും വികസനം കൊണ്ടുവന്നെന്നും ആവര്‍ത്തിച്ച് അവകാശപ്പെടുന്ന കേന്ദ്രത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. 2019ന് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് ശേഷം അഞ്ച് വര്‍ഷമായിട്ടും ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീരില്‍ നിയമസഭ തെരഞ്ഞുപ്പ് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല സുപ്രീം കോടതിയാണെന്നത് ലജ്ജാകരമായ കാര്യമാണ്. 2019ന് ശേഷം അഞ്ച് വര്‍ഷം ആയിട്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. 1996ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് 2024ല്‍ നിങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല. അതിനെ ഒരിക്കലും നിങ്ങള്‍ക്ക് ന്യായീകരിക്കാന്‍ സാധിക്കില്ല’, `ഒമര്‍ അബ്ദുള്ള പറഞ്ഞു.
കശ്മീരിലെ ജനങ്ങളുടെ അവകാശത്തിനായി ബി.ജെ.പിക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യക്ഷത്തില്‍ ശാന്തമാണെന്ന് തോന്നുമെങ്കിലും തീവ്രവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. കശ്മീര്‍ പണ്ഡിറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളുടെ മൂലകാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. തീവ്രവാദവും വികസനമില്ലായ്മയും ആര്‍ട്ടിക്കിള്‍ 370 കാരണമാണെന്ന് ബി.ജെ.പി രാജ്യത്തിനോട് പറഞ്ഞു. രജൗരി, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2019 ആഗസ്റ്റിന് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതില്‍ ജനങ്ങള്‍ ആവേശഭരിതരാണെങ്കില്‍ ഇവിടെ കാര്യങ്ങള്‍ സമാധാനപരവുമാണെങ്കില്‍ എന്ത് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. കശ്മീര്‍ പണ്ഡിറ്റുകള്‍ സുരക്ഷിതത്വം ഇല്ലാത്തതിനാലാണ് നാട് വിട്ട് പോകുന്നതെന്നും എന്നാല്‍ സുക്ഷ ഉറപ്പാക്കി അവരെ തിരിച്ച് കൊണ്ട് വരാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.
Contant Highlight: Omar Abdullah Challenges BJP To Hold Assembly Elections In Jammu And Kashmir