ശ്രീനഗര്‍: വിദ്വേഷ പ്രചരണത്തില്‍ ബി.ജെ.പിക്ക് തങ്ങളുടെ നേതാക്കളുടെ കാര്യം വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ സമീപനമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹിലാല്‍ ലോണിനെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തതിന് പിന്നാലെയായിരുന്നു ഒമര്‍ അബ്ദുളളയുടെ പ്രതികരണം.
അവര്‍ക്ക് കൈവെട്ടാനും, കൊല്ലാനും ആഹ്വാനം ചെയ്യാം. അതൊന്നുമൊരു പ്രശ്‌നമല്ല എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.
”സ്വന്തം നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്റെ കാര്യം വരുമ്പോള്‍ ബി.ജെ.പിക്ക് തികച്ചും വ്യത്യസ്തമായ നയമുണ്ട്. അവര്‍ക്ക് കൈ വെട്ടാനും ആളുകളെ കൊലപ്പെടുത്താനുമൊക്കെ പറയാം. ഒരു കുഴപ്പവുമില്ല. ഹിലാല്‍ ലോണ്‍ ഒരു പ്രസംഗം പറയുന്നു. ഉടനടി അദ്ദേഹത്തിനെ തീവ്രവാദ വിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്യുന്നു,” ഒമര്‍ അബ്ദുള്ള പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഹിലാല്‍ ലോണിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബര്‍ മുതല്‍ ഹിലാലിനെ എം.എല്‍.എ ഹോസ്റ്റലില്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു.
സാധാരണ ഒരു പ്രസംഗം നടത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും, ഇത് ശരിയല്ല, നിയമവിരുദ്ധമാണെന്നും അറസ്റ്റിന് പിന്നാലെ ഹിലാല്‍ പ്രതികരിച്ചിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം തടത്തുന്നത് ബി.ജെ.പി നേതാക്കളാണെന്ന എ.ഡി.ആറിന്റെ പഠനറിപ്പോര്‍ട്ടിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.