ന്യൂദല്‍ഹി: അമേരിക്ക, ന്യൂസിലാന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവക്ക് ഇന്ത്യന്‍ കാര്‍ഷിക വിപണിയിലേക്ക് കടന്നുവരാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധവുമായി കിസാന്‍ സഭ. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ കുറയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഏപ്രിലിലെ ഇന്ത്യ സന്ദര്‍ശനത്തിനെതിരേയുമാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം.
ഏപ്രിലില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും വ്യാപാരപ്രതിനിധിയും വിവിധ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇതിനെതിരെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ സൈമണ്‍ കമ്മീഷനെതിരെ ഉയര്‍ന്ന ‘സൈമണ്‍ ഗോ ബാക്ക്’ എന്ന പോലെ വാന്‍സ് ഗോ ബാക്ക്, ഇന്ത്യ ഇസ് നോട്ട് ഫോര്‍ സേല്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് കര്‍ഷകര്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് വഴങ്ങി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍. മെക്‌സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിന്റെ ഭീഷണിക്കെതിരെ പൊരുതുമ്പോഴാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍.
ഇതിന് പുറമെ യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ സഖ്യകക്ഷികളുമായി തിടുക്കത്തില്‍ വ്യാപാരക്കരാറില്‍ ഏര്‍പ്പെടാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. കൂടാതെ ഇന്തോ-പസഫിക് പോലെ 14 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെഗാ എഫ്.ടി.എ കരാറില്‍ പങ്കാളിയാവാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ഈ തീരുമാനങ്ങള്‍ എല്ലാംതന്നെ ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. അമേരിക്കയ്ക്കുള്ള തീരുവ കുറച്ചാല്‍ വന്‍തോതില്‍ അമേരിക്കയിലെ പാലുത്പന്നങ്ങളടക്കം ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കപ്പെടും. ഗോതമ്പിന്റെ തീരുവകുറയ്ക്കുന്നതിനായി വാദിക്കുന്നവരുമുണ്ട്. ഇതിന് പുറമെ സോയാബീന്‍, പിസ്ത, ബദാം, വാള്‍നട്ട്, പരുത്തി, ആപ്പിള്‍, മറ്റ് തോട്ടംവിളകള്‍ എന്നിവയുടെ തീരുവകുറയ്ക്കാനും പദ്ധതിയുണ്ട്.
ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി വിലക്ക് നീക്കാനും ശ്രമമുണ്ട്. കൃഷിക്ക് പുറമേ, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോ പാര്‍ട്സ് നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളിലെ എം.എസ്.എം.ഇകളെയും ഇത് ബാധിക്കും.
2024 ല്‍ മാത്രം ഇന്ത്യയിലേക്കുള്ള യു.എസ് കാര്‍ഷിക കയറ്റുമതി 1.6 ബില്യണ്‍ യുഎസ് ഡോളറാണ്. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കയുടെ സാമ്പത്തികലാഭത്തില്‍ 2031-32 വര്‍ഷത്തോടെ 80 കോടി യു.എസ് ഡോളറിന്റെ വര്‍ധനവ് വരുമെന്നാണ് വിലയിരുത്തല്‍.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് ഭീഷണികള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോക്സഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ എം.പി രാജാ റാം സിങ് ശനിയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു.
ഉയര്‍ന്ന സബ്സിഡിയുള്ള യു.എസ് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ നിറഞ്ഞാല്‍, അത് ഇന്ത്യന്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവിനെ തളര്‍ത്തുമെന്നും അതുവഴി രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Will not allow Indian agricultural market to be destroyed; Kisan Sabha launches go-back campaign against JD Vance