Film News
ട്വിസ്റ്റ്..ട്വിസ്റ്റ്..ട്വിസ്റ്റ്; എമ്പുരാന്‍ റീ എഡിറ്റിങ്ങില്‍ തീരുമാനമായില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 03:34 am
Sunday, 30th March 2025, 9:04 am

എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റിങ്ങില്‍ തീരുമാനമായില്ല. നിര്‍മാതാക്കള്‍ റീ എഡിറ്റിങ് ആവശ്യം ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡില്‍ ഇതുവരെയും അപേക്ഷ നല്‍കിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴിയാണ് റീ എഡിറ്റിങ് ആവശ്യം നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കേണ്ടത്.

എന്നാല്‍ ഇതുവരെയും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് സിനിമയുടെ റീ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട അപേക്ഷ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ചിട്ടില്ല. അപേക്ഷ ലഭിച്ച ശേഷമായിരിക്കും സെന്‍സര്‍ ബോര്‍ഡ് എമ്പുരാന്‍ വീണ്ടും കാണുക. അതിന് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാദങ്ങള്‍ക്ക് പുറമെ എമ്പുരാന്റെ നിര്‍മാതാക്കള്‍ തന്നെയായിരുന്നു സിനിമയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നത്. റീ എഡിറ്റിങ് നടത്തിയ പതിപ്പ് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റീ എഡിറ്റിങ് വരുത്തിയ പതിപ്പ് റിലീസാകുന്നതിന് മുമ്പ് ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വര്‍ധിക്കുന്നതായാണ് കാണുന്നത്. ഇന്നലെ ബുക്ക് മൈ ഷോയില്‍ സിനിമ ട്രെന്‍ഡിങ് ആയിരുന്നു. ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 28.51k എന്ന നിരക്കിലായിരുന്നു. 5.47k ടിക്കറ്റുകളാണ് ലാസ്റ്റ് ഒരു മണിക്കൂറിനുള്ളില്‍ വിറ്റുപോയത്.

2002ല്‍ നടന്ന കലാപം കാണിച്ചു കൊണ്ടാണ് എമ്പുരാന്‍ സിനിമ തുടങ്ങുന്നത്. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ കലാപമായിരുന്നു പശ്ചാത്തലം. കലാപത്തിന് കാരണക്കാരായവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ വ്യാപക സൈബര്‍ ആക്രമണമാണ് ചിത്രം നേരിട്ടത്.

Content Highlight: No decision has been made on the re-editing of the movie Empuraan. The producers have not yet submitted an application to the censor board demanding re-editing