Advertisement
World News
ടെസ്‌ല ഷോറൂമുകള്‍ക്ക് മുമ്പില്‍ വീണ്ടും പ്രതിഷേധം; ജര്‍മനിയില്‍ ഏഴോളം കാറുകള്‍ അഗ്നിക്കിരയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 04:06 am
Sunday, 30th March 2025, 9:36 am

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിനെതിരെ ടെസ്‌ല ഷോറൂമുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (ഡോജ്) നേതൃസ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ടെസ്‌ല ഷോറുമുകള്‍ക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. യു.എസിലുടനീളവും ഓസ്ട്രേലിയയിലും സ്വിറ്റ്സര്‍ലന്‍ഡ് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്പിലെ ചില നഗരങ്ങളിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി.

യു.എസ് ഫെഡറല്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു കാലിഫോര്‍ണിയിലെ പ്രതിഷേധത്തിലെ മുദ്രാവാക്യം. ടെസ്‌ല വാങ്ങരുത്, ടെസ്‌ലയുടെ ഓഹരികള്‍ വിറ്റഴിക്കുക, ടെസ്‌ല ബഹിഷ്‌ക്കരണ പ്രസ്ഥാനത്തില്‍ പങ്കാളിയാവുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.

ടെസ്‌ലയെ വേദനിപ്പിക്കുന്നത് മസ്‌കിനെ തടയുന്നു, മസ്‌കിനെ തടയുന്നത് നമ്മുടെ ജീവനും ജനാധിപത്യവും രക്ഷിക്കാന്‍ സഹായിക്കും’ ഇവയും  പ്രതിഷേധക്കാരുടെ മറ്റ്‌ ടാഗ് ലൈനുകളാണ്.

മാന്‍ഹട്ടനിലെ ന്യൂയോര്‍ക്ക് സ്റ്റോറിന് മുന്നില്‍ 800ല്‍ അധികം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മസ്‌ക് സര്‍ക്കാരില്‍ നിന്ന് രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്ലാനറ്റ് ഓവര്‍ പ്രോഫിറ്റിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

ഡോജിന്റെ തലവനായ മസ്‌ക് രാജ്യത്തിന്റെ സെന്‍സിറ്റീവ് ഡാറ്റയിലേക്ക് ആക്സസ് നേടിയതിലും സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഏജന്‍സികള്‍ അടച്ചുപൂട്ടിയതുമാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

അതേസമയം ശനിയാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ഏഴ് ടെസ്‌ല വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ടെസ്‌ല ടേക്ക്ഡൗണ്‍ പ്രതിഷേധങ്ങളുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

അതേസമയം മസ്‌ക് ഡോജ് തലവന്‍ സ്ഥാനത്ത് നിന്ന് പിന്മാറാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ കമ്മി ഒരു ട്രില്യണ്‍ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യണ്‍ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്‌ക് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിനകം പതിനായിരത്തിലധികം ജീവനക്കാരെയാണ് മസ്‌ക് ചെലവ് ചുരുക്കാനായി പിരിച്ചുവിട്ടത്.

Content Highlight: Anti-Musk protesters protest in front of Tesla showrooms; Seven cars set on fire in Germany