ടി-20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യം; ഇംഗ്ലണ്ടുകാർ എതിരാളികൾക്ക് നൽകിയത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികൾ
Cricket
ടി-20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യം; ഇംഗ്ലണ്ടുകാർ എതിരാളികൾക്ക് നൽകിയത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികൾ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 8:59 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ആദില്‍ റഷീദ് നാല് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

ഇതിന് പിന്നാലെ ടി-20 ലോകകപ്പില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു സംഭവവികാസമാണ് പിറവിയെടുത്തത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ 50 റണ്‍സിന് താഴെ ടോട്ടല്‍ നേടിക്കൊണ്ട് പുറത്താവുന്നത്.

ഇതിനുമുമ്പ് ജൂണ്‍ ഒമ്പതിന് നടന്ന വെസ്റ്റ് ഇന്‍ഡീസ്-ഉഗാണ്ട മത്സരത്തില്‍ ഉഗാണ്ട 39 റണ്‍സിന് പുറത്തായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഉഗാണ്ട 12 ഓവറില്‍ 39 റണ്‍സിനാണ് പുറത്തായത്.

അതേസമയം വിജയത്തോടെ ഇംഗ്ലണ്ട് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ്. ഈ വമ്പന്‍ വിജയത്തോടെ റണ്‍ റേറ്റ് +3.081 ആക്കി ഉയര്‍ത്താനും ഇംഗ്ലണ്ടിന് സാധിച്ചു.

തോൽവിയോടെ നാലു മത്സരങ്ങളും പരാജയപ്പെട്ടു പോയിട്ടു ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഒമാൻ. നാളെ നമീബിയെക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ജൂൺ 16ന് നടക്കുന്ന മത്സരത്തിൽ ഒമാൻ സ്കോട്ലാൻഡിനെയും നേരിടും.

Content Highlight: Oman all out 47 Runs against England